കര്‍ണ്ണാടകയിലെ കുടകില്‍ മുത്തച്ഛനൊപ്പംഎസ്റ്റേറ്റിലേക്ക് വന്ന 8 വയസ്സുകാരനെ കടുവ കടിച്ചുകൊന്നു
കുടക് : എട്ടു വയസ്സുകാരനെ കടുവ കടിച്ചുകൊന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തിലാണ് സംഭവം. എസ്റ്റേറ്റില്‍ ജോലിക്കെത്തിയ മുത്തച്ഛന് കാഞ്ചയ്ക്കൊപ്പം വന്ന എട്ടുവയസ്സുകാരന് രാമസ്വാമിയാണു കൊല്ലപ്പെട്ടത്. മുത്തച്ഛനും കൂട്ടരും ജോലി ചെയ്യുന്നത് നോക്കിയിരിക്കെ കുട്ടിയെ കടുവ ആക്രമിക്കുകയായിരുന്നു.
കാഞ്ചയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഇദ്ദേഹത്തെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരാണ് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കടുവയെ പിടികൂടാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്നും കടുവയെ കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തില്‍ മൂന്നു പേരാണ് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി കന്നുകാലികളും കടുവയുടെ ആക്രമണത്തില്‍ ചത്തതായും ഇവര്‍ ആരോപിച്ചു.