കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കോട്ടച്ചേരിയിലെ റോയല്‍ ഫാമിലി റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പിടിച്ചത്. ഇതോടെ റെസ്റ്റോറന്റിനുളില് പുക നിറഞ്ഞു. പുകമൂലമുള്ള വീര്‍പ്പുമുട്ടലും പ്ലാസ്റ്റിക്ക് കത്തിയെരിയുന്ന മണവും കാരണം ജീവനക്കാര്‍ അടക്കം എല്ലാവരും പുറത്തേക്കിറങ്ങി. ഇതിനിടെ വൈദ്യുത ബന്ധം വേര്‍പെടുത്തിയ ശേഷം ഉടന്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷന് ഓഫീസര്‍ കെ.വി പ്രഭാകരന്റെ നേതൃത്വത്തില്‍ ഉടന്‍ രണ്ടു യൂണിറ്റ് അഗ്നി രക്ഷാസേനയെത്തി അകത്ത് സീലിങ്ങിനുളളില് നിന്നു പുകവരുന്നിടം അടക്കം പരിശോധിച്ചപ്പോഴാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം എ.സി മുഴുവന്‍ കത്തി തീര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സേന മടങ്ങിയത്.