ആലുവയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ
കൊച്ചി: പറവൂര്‍ പുത്തന്‍വേലിക്കര മോളി വധക്കേസില്‍ പ്രതിക്ക് വധശിക്ഷ. അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് (മുന്ന) പറവൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2018 മാര്‍ച്ച് 18-നാണ് പുത്തന്‍വേലിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളി കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകയറി മോളിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി, എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.
പത്തു വര്‍ഷമായി പുത്തന്വേലിക്കരയിലുണ്ടായിരുന്ന മുന്ന കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഏഴ് മാസത്തോളം മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പഞ്ചായത്ത് ഓഫീസിനു സമീപം മെയിന്‍ റോഡിനരികിലാണ് മോളിയുടെ വീട്. ഭിന്നശേഷിക്കാരനായ മകന് ഡെനി (അപ്പു-32) യോടൊപ്പമാണ് മോളി താമസിച്ചിരുന്നത്. ഡെനിയാണ് മാര്‍ച്ച് 18-ന് രാവിലെ അയല്പക്കത്തെ നെയ്ശേരില്‍ ശിവന്റെ വീട്ടിലെത്തി മമ്മിയെ ആശുപത്രിയില്‍ എത്തിക്കണം, പൂട്ടിയിട്ടിരിക്കുകയാണ് എന്നു പറഞ്ഞത്.
ശിവന്റെ ഭാര്യ നളിനി വീട്ടിലെത്തിയപ്പോള്‍ പ്രാര്‍ത്ഥനാ ഹാളിലും മുറികളിലും രക്തം കണ്ടു. കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. താക്കോല്‍ സംഘടിപ്പിച്ച് തുറന്നപ്പോഴാണ് കട്ടിലിന്റെയും ഭിത്തിയുടെയും ഇടയില്‍ ചോരയില്‍ കുളിച്ച നിലയില്‍ മോളിയുടെ മൃതദേഹം കണ്ടത്. കഴുത്തില്‍ കുരുക്കിട്ടിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടു. പോലീസും നാട്ടുകാരുമെത്തി. പിടിയിലായ മുന്നയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിനിടെ മോളിയുടെ മകന് ഡെനി മുന്നയുടെ പേര് പലവട്ടം പറയുന്നതു കേട്ടാണ് പോലീസ് അയാളെ ചോദ്യം ചെയ്തത്. മലയാളം നല്ലപോലെ പറയുന്ന ഇയാള്‍ തുടക്കത്തില്‍ത്തന്നെ പോലീസ് കസ്റ്റഡിയിലായി. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ പുലര്‍ച്ചെ, പീഡന ശ്രമത്തിനിടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് മുന്ന പറഞ്ഞതായി പോലീസ് അറിയിച്ചു.
പുലര്‍ച്ചെ വീടിനു മുന്നിലെ ലൈറ്റ് അഴിച്ചുമാറ്റിയ ശേഷം മുന്ന കോളിങ് ബെല്ലടിച്ചു. മോളി വാതില്‍ തുറന്നപ്പോള്‍ അകത്തുകടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനശ്രമം ചെറുത്തതോടെ പ്രതി മോളിയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.