പാലക്കുന്നിൽ
ഭരണി കുറിക്കൽ ;
വൈഗ ‘ഭരണികുഞ്ഞി’
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ ‘ഭരണി കുറിക്കൽ’ ചടങ്ങ് നടക്കും. കരിപ്പോടി എ.എൽ.പി. സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന വി.ബി. വൈഗയാണ് ഈ വർഷത്തെ ഉത്സവത്തിന് ‘ഭരണി കുഞ്ഞായി വാഴ്ത്തപ്പെടുന്നത് .
എരോൽ പനയംതോട്ടത്തിൽ പ്രവാസിയായ കെ. വിശാലാക്ഷന്റെയും കെ.ബീനയുടെയും മകളാണ് ഈ ആറു വയസുകാരി.
നാളെ (ചൊവ്വാഴ്ച) ഉച്ചയോടെ ഭണ്ഡാര വീട്ടിൽ ആചാരസ്ഥാനികരുടെയും ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും വിശ്വാസികളുടെയും സാനിധ്യത്തിൽ, പടിഞ്ഞാറ്റയിലിരുത്തി ശിരസ്സിൽ അരിയും പ്രസാദവുമിട്ട് ഭരണി കുറിക്കൽ ചടങ്ങ് നടക്കുന്നതോടെ വൈഗ ഭരണികുഞ്ഞാകും. ഉത്സവാരംഭം മുതൽ കൊടിയിറങ്ങും വരെയുള്ള എഴുന്നള്ളത്തിലും മറ്റും ഈ ബാലികയുടെ സാനിധ്യം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും .
കുറുംബാ ദേവി ക്ഷേത്രങ്ങളിൽ മീന മാസത്തിലാണ് പതിവായി ഭരണി ഉത്സവങ്ങൾ നടക്കാറെങ്കിലും തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ കുംഭത്തിലെ പൗർണമി നാളിൽ കൊടിയേറുന്ന ആറാട്ട് ഉത്സവത്തിന്റെ തുടർച്ചയായാണ് അവിടത്തെ കൊടിയിറക്കത്തിന് ശേഷം പാലക്കുന്നിൽ ഉത്സവം തുടങ്ങുന്നത്. ഇത് കുംഭത്തിലാണ്.
ദേവിയുടെ ജന്മ നക്ഷത്രം ഭരണി ആയതിനാൽ ആ നക്ഷത്രത്തിൽ ജനിച്ച കഴക പരിധിയിലെ പത്ത് വയസ്സിന് താഴെയുള്ള പെൺകുഞ്ഞിന് മാത്രമാണ് ഭരണികുഞ്ഞാവാൻ ഭാഗ്യം കിട്ടുക. ദേവിയുടെ പ്രതിരൂപമായി സങ്കൽപ്പിച്ചാണ് ഭരണികുഞ്ഞി ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്നത്.