ആത്മമിത്രം സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് ജന്മദിന ആശംസകൾ നേരാൻ മാമുക്കോയ ഇത്തവണയും എത്തി.
പയ്യന്നൂർ ∙ ആത്മമിത്രം സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് ജന്മദിന ആശംസകൾ നേരാൻ മാമുക്കോയ ഇത്തവണയും എത്തി. പോത്താങ്കണ്ടം ആനന്ദഭവനത്തിൽ കാര്യമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മാമുക്കോയ പതിവ് തെറ്റിച്ചില്ല. 1999ൽ കഥകളി അരങ്ങിന്റെ രണ്ടാം വാർഷികത്തിൽ സിനിമാ താരം മാമുക്കോയയെ വീട്ടിൽ ചെന്നാണ് സ്വാമി ക്ഷണിച്ചത്. മുൻ പരിചയമൊന്നുമില്ലാത്ത സ്വാമി വന്നു ക്ഷണിക്കുമ്പോൾ കഥകളിയും ഞാനും തമ്മിൽ എന്ത് ബന്ധമെന്ന ചോദ്യമുയർത്തിയിരുന്നുവെന്ന് മാമുക്കോയ,
സ്വാമിയുമായി പങ്കിട്ട വേദിയിലെല്ലാം പറയുമായിരുന്നു. കഥകളിയരങ്ങിന്റെ വാർഷികത്തിനെത്താറുള്ള മാമുക്കോയ സൗഹൃദ സംഭാഷണത്തിനിടയിലാണ് ജന്മനക്ഷത്രം സ്വാമിയിൽ നിന്ന് ചോദിച്ചറിഞ്ഞത്. കുംഭ മാസത്തിലെ മൂലം നക്ഷത്രം കലണ്ടറിൽ രേഖപ്പെടുത്തി വച്ച് 2003 മുതൽ ജന്മദിന ആശംസകളുമായി ഏത് തിരക്കിനിടയിലും ഈ സിനിമാ താരം പോത്താങ്കണ്ടം ആനന്ദഭവനത്തിലെത്തും.സ്വാമിയിൽ നിന്ന് ഒരു കഷണം കേക്ക് വാങ്ങി കഴിച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പമിരുന്ന് ചെറു പ്രസംഗവും നടത്തി പിറന്നാൾ സദ്യ കഴിച്ച് മടങ്ങും. ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിഐപികളെ ക്ഷണിച്ചിരുത്തിയുള്ള പ്രസംഗം ഇത്തവണ ഉണ്ടായില്ലെങ്കിലും ജിതേഷ് സുന്ദരത്തിന്റെ സുഗമ സംഗീതത്തിന് ശേഷം സ്വാമിയെ സ്റ്റേജിൽ വിളിച്ചു കയറ്റി ചെറു പ്രസംഗം നടത്താൻ മാമുക്കോയ മറന്നില്ല.