കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്, ആഭ്യന്തര- അന്താരാഷ്ട്ര യാത്രകൾക്ക് ഇ പാസ് നിർബന്ധമാക്കി
ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഇ പാസ് നിർബന്ധമാക്കി തമിഴ്നാട്. ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നും എത്തുന്നവർക്ക് ഇത് ബാധകമല്ല.മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ നീക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടുകയാണ്.ആരോഗ്യകുടുംബക്ഷേമ വകുപ്പ് യാത്രക്കാർക്ക് ഇ പാസ് നിർബന്ധമാക്കിക്കൊണ്ട് പുറപ്പെടുവിച്ചു. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്കും ഇ-പാസ് നിർബന്ധമാണെന്നാണ് മാർച്ച് 4 ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നതെങ്കിലും,കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കി.കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞവർഷം അന്തർ ജില്ല, അന്തർ സംസ്ഥാന യാത്രകൾക്ക് ഇ പാസ് നിർബന്ധമാക്കിയിരുന്നു. എന്നാൽ പിന്നീട് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നത്. കഴിഞ്ഞദിവസം 567 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.