ഐക്കരേത്ത് മലയുടെ ചരുവില്‍ ശശിയുടെനല്ല മനസ്സും ഐക്കരേത്ത് സിന്ധുവിന്റെ ധീരതയും ചേര്‍ന്ന് രണ്ടര വയസ്സുകാരന് ആരുഷിന് നല്‍കിയത് പുനര്ജന്മം.
അടൂർ : കൊടുമൺ:കരയിൽ അമ്മയുടെ കരച്ചിൽ. കിണറ്റിൽ കുഞ്ഞിന്റെ ഞരങ്ങൽ. ഒപ്പം സഹായം തേടിയുള്ള യുവാവിന്റെ വിളിയും. സിന്ധു പിന്നെ ഒന്നും നോക്കിയില്ല. കിണറിന്റെ ആഴങ്ങളിലേക്ക് ജീവൻ പണയംവെച്ചിറങ്ങി. തൊടിയിൽ ചവിട്ടി നിന്നു. യുവാവിന്റെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി മുകളിലേക്ക് കയറി. കരയിൽ നിന്നവരുടെ കൈയിലേക്ക് കുഞ്ഞിനെ സുരക്ഷിതമായെത്തിച്ചു. ഐക്കരേത്ത് മലയുടെ ചരുവിൽ ശശിയുടെ നല്ല മനസ്സും ഐക്കരേത്ത് സിന്ധു ഭവനത്തിൽ സിന്ധുവിന്റെ ധീരതയും ചേർന്ന് രണ്ടര വയസ്സുകാരൻ ആരുഷിന് നൽകിയത് പുനർജന്മം.
ഐക്കരേത്ത് അജയഭവനത്തിൽ അജയന്റെയും ശുഭയുടെയും മകനായ ആരുഷ് ശനിയാഴ്ച രാവിലെ വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വലിയ ശബ്ദം കേട്ട് മാതാപിതാക്കൾ മുറ്റത്തേക്കിറങ്ങി. ആരുഷിനെ കാണാതായതോടെ ഓടിച്ചെന്ന് അയൽവാസിയുടെ ആൾമറയില്ലാത്ത കിണറ്റിൽ നോക്കുമ്പോൾ കുട്ടി വീണുകിടക്കുന്നത് കണ്ടു. മാതാപിതാക്കൾ ബഹളം കൂട്ടിയപ്പോൾ അയൽക്കാർ ഓടിക്കൂടി ബഹളം കൂട്ടി. പനി ബാധിച്ച് വീട്ടിൽ ഇരിക്കുകയായിരുന്ന ശശി 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, സഹായിക്കാൻ ആരുമില്ലാതെ ശശി ബുദ്ധിമുട്ടിയപ്പോൾ തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടൽ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു എത്തി. സിന്ധു കിണറ്റിൽ ചാടിയിറങ്ങി. വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ തൊടിയിലേക്ക് കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് പുറമേ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ആന്തരികമായ പരിക്കുകൾ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. തൊഴിലുറപ്പ് തൊഴിലാളിയും കുടുംബശ്രീ പ്രവർത്തകയുമാണ് സിന്ധു. കഴിഞ്ഞ പ്രളയകാലത്ത് നിറഞ്ഞുകിടന്ന കിണറ്റിൽ വീണ ആടിനെ എടുത്ത് ഒറ്റയ്ക്ക് കരയ്ക്ക് എത്തിച്ച സിന്ധു നാട്ടുകാരുടെ അഭിനന്ദനം നേടിയിരുന്നു.