കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ബംഗാളിനും തലവേദനയാകുന്നു. മുഴുവൻ വിവരങ്ങളും നൽകാൻ അഭ്യർത്ഥിച്ച് കത്തയച്ചു
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ബംഗാളിനും തലവേദനയാകുന്നു. സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പി ഡബ്ല്യു സി) ബംഗാൾ സർക്കാരിന്റെ ടെൻഡറിൽ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന പേടി തുടങ്ങിയത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് തൽസ്ഥിതി ആരാഞ്ഞ് ബംഗാൾ ഐടി വകുപ്പ് കേരള സർക്കാരിന് കത്തയച്ചിരിക്കുകയാണ്. ടെൻഡർ കുറ്റമറ്റതാക്കാനും സർക്കാരിന് തിരിച്ചടിയുണ്ടാകുന്ന തരത്തിലുളള വിവാദങ്ങൾ ഒഴിവാക്കാനുമാണ് കത്തയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.ബംഗാൾ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാൾ ഇലക്ട്രോണിക്സ് ഇൻഡസ്ട്രി ഡവലപ്മെന്റ് കോർപറേഷന്റെ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെൻഡറിലാണ് പി ഡബ്ല്യു സി പങ്കെടുത്തത്.സ്വപ്നയുടെ നിയമനം വൻ വിവാദമായതോടെ കേരള സർക്കാർ ഐ ടി വകുപ്പിലെ എല്ലാ പദ്ധതികളിൽ നിന്നും പി ഡബ്ല്യു സിയെ രണ്ടുവർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാര്യങ്ങൾ വ്യക്തമായി അറിയാൻ ബംഗാൾ സർക്കാർ കേരളത്തെ സമീപിച്ചത്. കേരളത്തിന്റെ വിലക്കിനെതിരെ പി ഡബ്ല്യു സി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഐടി വകുപ്പ് ബംഗാളിനെ അറിയിച്ചു.കേരളത്തിലെ വിലക്ക് മറ്റ് സംസ്ഥാനങ്ങളിൽ പി ഡബ്ല്യു സിക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്ത് വിലക്ക് നേരിട്ട കൺസൽട്ടൻസി സ്ഥാപനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ തടസമുണ്ടെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.