‘ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്’; മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്ന് എ കെ ബാലൻ
പാലക്കാട്: പാലക്കാട് നഗരത്തിലും തന്റെ വീടിന് മുന്നിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി എ കെ ബാലൻ. തനിക്കെതിരായി മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്നാണ് മന്ത്രിയുടെ പ്രതികരണം. സേവ് സി പി എം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വർഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് അതെന്നും ബാലൻ പ്രതികരിച്ചു.’തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഈ സംഘടന രംഗത്തുവരുന്നതിന്റെ ഉദേശം എന്താണെന്നറിയാം. ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവർക്കും അറിയാം. മണ്ഡലത്തിൽ ഓരോ തവണയും എന്റെ ഭൂരിപക്ഷം വർദ്ധിച്ചിട്ടുണ്ട്. ഇത് സി പി എം വോട്ടുകൾ മാത്രമായിരുന്നില്ല. വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാർത്ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല, എനിക്ക് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.’എന്നായിരുന്നു ബാലന്റെ പ്രതികരണം.സ്ഥാനാർത്ഥി നിർണയം സി പി എമ്മിൽ ജനാധിപത്യ പ്രക്രിയ ആയാണ് നടക്കുന്നത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താം തീയതി പി ബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.