‘ഇത് എനിക്കും അടുത്ത തവണ ബാധകമാവും’; രണ്ടു ടേം നിബന്ധന ആളിക്കത്തുമ്പോൾ സംസ്ഥാന സമിതിയിൽ പിണറായി പറഞ്ഞത്
തിരുവനന്തപുരം: രണ്ടു ടേം നിബന്ധനയിൽ ഒരു ഇളവും വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സി പി എം നേതൃത്വത്തിന്റെ തീരുമാനം. പ്രാദേശിക പ്രതിഷേധങ്ങളെ വകവയ്ക്കാതെ പല പ്രമുഖരേയും മാറ്റിയതിന് പിന്നിലെ പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച ഉറച്ചനിലപാടാണ്. പ്രത്യേകിച്ച് ആർക്കും ഇളവ് നൽകി തീരുമാനത്തിൽ വെളളം ചേർക്കേണ്ടതില്ലെന്നാണ് പി ബി അംഗങ്ങൾക്കിടയിലെ ധാരണ.തോമസ് ഐസക്ക്, ജി സുധാകരൻ, പി ശ്രീരാമകൃഷ്ണൻ ഉൾപ്പടെയുളള നിരവധി പ്രമുഖർക്കാണ് ഇത്തവണ സീറ്റ് നഷ്ടമായത്. ഇതു പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ വലിയ എതിർപ്പിന് വഴിവച്ചിട്ടുണ്ട്. പാർട്ടി കേന്ദ്രനേതാക്കളെ വരെ അണികൾ ഫോണിൽ വിളിച്ച് അതൃപ്തി അറിയിക്കുകയാണ്. എന്നാൽ എത്ര സമ്മർദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പി ബിയിൽ ധാരണയായിരിക്കുന്നത്.സ്ഥിരമായി ജയിച്ചവർ തുടർന്നതാണ് പാർട്ടിക്ക് ബംഗാളിൽ അടിത്തറയിളക്കിയതെന്നാണ് പാർട്ടി വിലയിരുത്തൽ. ബംഗാളിലെ ഒരു നിര നേതാക്കൾക്ക് പ്രായമായപ്പോഴേക്കും നയിക്കാൻ അടുത്ത തലമുറ ഇല്ലാതെ പോയി എന്നതാണ് പാർട്ടിക്കുണ്ടായ വലിയ പ്രതിസന്ധി. കീഴ്ഘടകങ്ങളിലേക്ക് ബംഗാളിനെ ഉദ്ധരിച്ചാകും പാർട്ടി വിശദീകരണം നടത്തുക. വ്യക്തി വേണോ പാർട്ടി വേണോ എന്ന ഒറ്റ ചോദ്യത്തിൽ അണികളെ ശാന്തരാക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.രണ്ടു ടേമിനെതിരെ സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായപ്പോൾ ഇത് എനിക്കും അടുത്ത തവണ ബാധകമാവും എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അതേസമയം, ടേം ബാധമാകാത്ത പി ജയരാജന് സീറ്റ് നിഷേധിച്ചത് കണ്ണൂരിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുക സി പി എമ്മിന് ബുദ്ധിമുട്ടാണ്. ഈ വിഷയം നാളെ സി പി എം സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്ക് വന്നേക്കും.