നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണം: മുസ്ലിം ലീഗ്
നീലേശ്വരം : നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് ഇ എം കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം ഐക്യകണ്ടേന ആവശ്യപെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് നീലേശ്വരം താലൂക്ക്. കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിൽ രണ്ട് താലൂക്ക് നിലവിലുള്ളപ്പോൾ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഒരു താലൂക്ക് പോലുമില്ല. ഹോസ്ദുർഗ് താലുക്കിന് തെക്ക് ഭാഗത്ത് താമസിക്കുന്നവർക്കും തീരദേശത്ത് താമസിക്കുന്നവർക്കും ഹോസ്ദുർഗ് താലൂക്കിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട് എത്തുക എന്നത് വളരെ പ്രയാസമാണ്. അതുകൊണ്ട് തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, ചെറുവത്തുർ, വലിയപറമ്പ്, കയ്യൂർ- ചീമേനി, കിനാനൂർ- കരിന്തളം, മടിക്കൈ പഞ്ചായത്തുകളേയും നീലേശ്വരം മുൻസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണം. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് മൂന്ന് കമ്മീഷനുകൾ ആവശ്യപ്പെട്ട് സർക്കാറിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ നീലേശ്വരത്ത് താലൂക്ക് രൂപീകരിക്കണമെന്നാവശ്യം ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണ്. നീലേശ്വരം നഗരസഭ മെമ്പർ റഫീഖ് കോട്ടപ്പുറം പ്രമേയം അവതരിപ്പിച്ചു. മണ്ഡലം ട്രഷറർ ഇബ്രാഹിം പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് നസീർ, പുഴക്കര റഹീം, മഹമൂദ് കോട്ടായി, മുഹമ്മദ് കുഞ്ഞി പെരുമ്പ, രാമരം സലാം ഹാജി എന്നിവർ പ്രസംഗിച്ചു.