പ്രചാരണ പദ്ധതി നയിക്കുന്നത് കസ്റ്റംസ്’: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ ഏറ്റെടുത്തു വന്നിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതി നയിക്കുന്നത് കസ്റ്റംസാണെന്നതിനു തെളിവാണ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കുമെതിരെ സത്യവാങ്മൂലം നല്‍കിയത്. കൃത്യമായ ചില കളികള്‍ നടക്കുന്നുണ്ടെന്നും കണ്ണടച്ച് പാലുകുടിച്ചാല്‍ ആരും അറിയില്ലെന്നു വിചാരിക്കുന്നത് പൂച്ചക്കള്‍ക്കേ ചേരൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഒരു കേന്ദ്ര സഹമന്ത്രി ചില കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം മന്ത്രിയായശേഷം എത്ര സ്വര്‍ണക്കടത്തു നടന്നു എന്നതിനു കണക്കുണ്ടോ? അദ്ദേഹം വന്നശേഷമാണ് നയതന്ത്രതലത്തില്‍ സ്വര്‍ണക്കടത്തു തുടങ്ങിയത്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്നു പറയാന്‍ പ്രതിയുമായി കേന്ദ്ര സഹമന്ത്രിക്കു ബന്ധമുണ്ടോ? നയതന്ത്ര ബാഗിലാണ് സ്വര്‍ണം കടത്തിയതെന്നു ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിനു വിരുദ്ധമായി ഈ മന്ത്രി നിലപാടെടുത്തു.
സ്വര്‍ണക്കടത്തു പ്രതിയെ വിദേശത്തുനിന്നു വിട്ടുകിട്ടാത്തത് എന്താണെന്നു ചോദിച്ചപ്പോള്‍ വിദേശകാര്യ വക്താവിനോട് ചേദിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. അതേ മന്ത്രിയാണ് ഇപ്പോള്‍ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ ആക്രമണോത്സുകത കൂടി. അതിന്റെ ഒടുവിലത്തെ നീക്കമാണ് കിഫ്ബിക്കെതിരെ നടത്തിയത്.
പിന്നാലെ, മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സി ഇറങ്ങിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിനു നല്കിയ മൊഴിയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മിഷണര്‍ കേസില്‍ എതിര്‍കക്ഷി പോലുമല്ല. അങ്ങനെയൊരാള്‍ ഇത്തരം പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വിയില്ല. ജൂലൈ മുതല്‍ സ്വപ്ന വിവിധ ഏജന്‍സികളുടെ കസ്റ്റഡിയിലാണ്. ഒരു ഏജന്‍സിക്കു മുന്നിലും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ കാരണം എന്തായിരിക്കും. കസ്റ്റംസും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും അതു പുറത്തു പറയാന്‍ തയാറാകാണം.
വകുപ്പ് 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ നല്കുന്ന പ്രസ്താവന അന്വേഷണ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ ലഭിക്കൂ. 164 പ്രകാരം വ്യക്തി നല്കുന്ന പ്രസ്താവന അന്വേഷണ ഏജന്‍സി വെളിപ്പെടുത്തരുതെന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. നിയമവശം ഇങ്ങനെയായിരിക്കെ കസ്റ്റംസ് കമ്മിഷണര്‍ മന്ത്രിസഭാ അംഗങ്ങളെ മോശപ്പെടുത്തുക എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുന്നത്.
കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പ്രതിയുടെ മാനസിക ചാഞ്ചല്യം മുതലെടുക്കുന്നു. തെളിവുകളില്ലാതെ ഏജന്‍സിക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. അതെല്ലാം മറന്നു രാഷ്ട്രീയ പ്രസ്താവന നല്കുന്ന രീതിയാണ് ഏജന്‍സി അവലംബിച്ചത്. ഇത് പ്രതിപക്ഷത്തിനും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കാനുള്ള വിടുവേലയാണ്.
2020 നവംബറില്‍തന്നെ സ്വപ്നയുടെ രഹസ്യമൊഴിയില്‍ എന്തുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവും പ്രസ്താവനയിറക്കി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയവീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുന്നു. പൂഴിക്കടകന്‍ ഇഫക്ട് ഉണ്ടാക്കാനാണ് നീക്കം. സര്‍ക്കാരിനെ ജനങ്ങളുടെ മുന്നില്‍ ഇകഴ്ത്താന്‍ ഇതുകൊണ്ട് കഴിയില്ല’ മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു