രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണി വിലപ്പോകില്ല; നിലപാട് കടുപ്പിച്ച് കസ്റ്റംസ് കമ്മീഷണര്‍
തിരുവനന്തപുരം: സിപിഎമ്മിനെതിരെ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി നിരന്തരമായി ഭീഷണിക്ക് ശ്രമിക്കുന്നുണ്ടെന്നും അത് വിലപ്പോകില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റില്‍ എല്‍ഡിഎഫിന്റെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സുമിത് കുമാറിന്റെ പ്രതികരണം.
എല്‍ഡിഎഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം വന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് വിജയരാഘവന് ആരോപിച്ചിരുന്നു. ഇതിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്നുമായിരുന്നു വിജയരാഘവന് കഴിഞ്ഞ ദിവസം അറിയിച്ചത്.