സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സമസ്തതയുടെ അഭിപ്രായം മാനിക്കും സ്വാദിഖ് അലി ശിഹാബ്ത ങ്ങള്
മലപ്പുറം: സ്ഥാനാർഥി നിർണയത്തിലടക്കം സമസ്തതയുടെ അഭിപ്രായങ്ങൾ മാനിക്കുമെന്നും വിജയ സാധ്യതയാണ് പ്രധാനമെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുസ്ലീം ലീഗിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് എതിരെ സമസ്ത നേതാവായ അബ്ദുൽ സമദ് പൂക്കോട്ടൂർ രംഗത്ത് വന്നിരുന്നു. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറിച്ചു ചിന്തിച്ചാല്‍ അനന്തരഫലം അറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു സ്വാദിഖ് അലി തങ്ങൾ നടത്തിയത്.കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ലീഗ് ഇപ്രാവശ്യം ആവശ്യപ്പെട്ടിട്ടുണ്ട്, യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥികളെ അന്തിമമായി നിശ്ചയിച്ചിട്ടില്ല. കൂടിയാലോചനകളും ചർചകളും തുടരുന്നു. വേണ്ടിവന്നാൽ പ്രാദേശിക നേതാക്കളെയും പാണക്കാട്ടേക്ക് വിളിപ്പിക്കുമെന്നും തങ്ങൾ പറഞ്ഞു.തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥികളെ നിർണയിക്കും. ജനകീയ ബന്ധങ്ങളും ഇച്ഛാശക്തിയും മെറിറ്റും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കുമെന്നും തങ്ങൾ പറഞ്ഞു. നിലവിലുള്ള എംഎൽഎമാരെല്ലാം മത്സരിക്കുമോ എന്ന ചോദ്യത്തിന്, അവരെല്ലാം നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അഭിപ്രായങ്ങളും ചർചകളും അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.