പാലക്കുന്ന് ഉത്സവത്തിന് കുലകൊത്തി; ചൊവ്വാഴ്ച ഭരണികുറിക്കൽ
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് മുന്നോടിയായി ഭണ്ഡാര വീട്ടിൽ കുലകൊത്തൽ ചടങ്ങ് നടന്നു. സ്ഥാനികർ കൊത്തികൊണ്ടു വന്ന വാഴക്കുലകൾ തിരുസന്നിധിയിൽ വെച്ച് കലശാട്ട് പൂർത്തിയാക്കി ശ്രീകോവിലിൽ വെക്കുന്നതാണ് ചടങ്ങ്. ആചാരസ്ഥാനികരും ഭാരവാഹികളും വിശ്വാസികളും സംബന്ധിച്ചു. ചൊവ്വാഴ്ച ഭരണി നക്ഷത്രത്തിൽ ജനിച്ച ബാലികയെ ദേവിയുടെ പ്രതിരൂപമായി സങ്കൽപ്പിച്ച് പടിഞ്ഞാറ്റയിലിരുത്തി അരിയും പ്രസാധവുമിട്ട് വാഴിച്ച് ഭരണി കുറിക്കൽ ചടങ്ങ് നടത്തും. തൃക്കണ്ണാട് കൊടിയിറങ്ങിയ ശേഷം കമ്പയും കയറും ഏറ്റുവാങ്ങി ബുധനാഴ്ച്ച രാത്രി പാലക്കുന്ന് ഭരണി ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അഞ്ചു ദിവസം നീളുന്ന ഉത്സവചടങ്ങുകൾ നടക്കുക.