തിരുവനന്തപുരം/മഞ്ചേശ്വരം; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ശങ്കർറൈ അങ്കടിമോഗറു സ്കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.
പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അരൂരിലെ നിരവധി ബൂത്തുകളില്‍ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാന്‍ കാരണമാകുമെന്നാണ് വിവരം. എറണാകുളത്ത് പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും.
അഞ്ചിടത്തുമായി 9.75 ലക്ഷം വോട്ടർമാരാണ് ബൂത്തിലെത്തുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24നാണ് വോട്ടെണ്ണൽ.എറണാകുളം ജില്ലയിൽ കനത്തമഴയാണ്.
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ് തുടങ്ങി. . ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കും ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്കുമാണ് തെരഞ്ഞെടുപ്പ്. 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നാണ്.
കേരളത്തിലെ അഞ്ചുമണ്ഡലങ്ങൾക്ക് പുറമെ യുപിയിലെ 11 ഉം ഗുജറാത്തിലെ ആറും ബിഹാറിലെ അഞ്ചും അസം, പഞ്ചാബ് എന്നിവിടങ്ങളിൽ നാലും സിക്കിമിലെ മൂന്നും ഹിമാചൽ, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ രണ്ടും പുതുശേരി, ഒഡിഷ, മേഘാലയ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അരുണാചൽ എന്നിവിടങ്ങളിൽ ഒന്നുവീതവും നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ബിഹാറിലെ സമസ്തിപുർ, മഹാരാഷ്ട്രയിലെ സത്താറ എന്നീ ലോക്സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പുണ്ട്.