കരിപ്പൂരില്‍ യാത്രക്കാരന്റെ 48 ലക്ഷം രൂപയുടെ വാച്ച് കസ്റ്റംസ് അടിച്ചു തകര്‍ത്തു പരാതിയുമായി കർണാടക സ്വദേശി
മലപ്പുറം: സ്വര്‍ണക്കടത്ത് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടിച്ചു തകര്‍ത്തതായി പരാതി. 48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകര്‍ത്തതെന്ന് പരാതിക്കാരനായ ഉത്തര കർണാടക ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.
മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ. എം. ബഷീര്‍ ആണ് സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുന്നത്. 48 ലക്ഷം രൂപ വിലയുള്ള ‘ ആഢംബര വാച്ചാണ് അടിച്ചു തകര്‍ത്തത്.കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിലായിരുന്നു ഇസ്മായില്‍ എത്തിയത്.
എട്ടുവര്‍ഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് നല്‍കിയത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ. എം ബഷീര്‍ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു വാച്ചിനുള്ളില്‍ എത്ര കിലോ സ്വര്‍ണം കടത്താന്‍ കഴിയുമെന്നാണ് കെ. എം ബഷീര്‍ ലൈവിലൂടെ ചോദിക്കുന്നത്. വാച്ചിനുള്ളില്‍ സ്വര്‍ണം കടത്തുന്നതായി സംശയമുണ്ടെങ്കില്‍ വിദഗ്ധരെ വിളിച്ചുവരുത്തി അത് അഴിച്ചു പരിശോധിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്മായിലിന് നഷ്ടപരിഹാരം നല്‍കുന്നത് വരെ കേസുമായി മുന്നോട്ട് പോകും. കരിപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയര്‍പോര്‍ട്ട് കമ്മിറ്റി അതോരിറ്റി കസ്റ്റംസ് സൂപ്രണ്ടിനും പരാതി നല്‍കിയതായും ഒപ്പമുണ്ടായിരുന്ന അഭിഭാഷകനായ കെ കെ മുഹമ്മദ് പറഞ്ഞു.