ഊരാളുങ്കലിനെ പ്രകീർത്തിച്ച് ഇ. ശ്രീധരൻ, ശ്രീധരനെ തള്ളി കെ. സുരേന്ദ്രന്; ഊരാളുങ്കൽ ടെക്ക്നിക്ക് മികച്ചതെന്നും സുരേന്ദ്രൻ
ആലപ്പുഴ: ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയെ അഭിനന്ദിച്ച ബി.ജെ.പി നേതാവ് ഇ. ശ്രീധരനെ തള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഊരാളുങ്കലിന്റെ അഴിമതിയെ കുറിച്ച് ഇ. ശ്രീധരന് അറിയില്ലായിരിക്കുമെന്നും കെ. സുരേന്ദ്രന് പ്രതികരിച്ചു.
പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയെ മെട്രോമാന് ഇ. ശ്രീധരന് അഭിനന്ദിച്ചത്. ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്.
‘ഊരാളുങ്കലിന് സാങ്കേതിക വിദ്യ ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. അതിന്റെ അഴിമതിയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അതിനെ കുറിച്ച് ഇ. ശ്രീധരന് അറിയില്ലായിരിക്കും’ -സുരേന്ദ്രന് പറഞ്ഞു.
വിദേശവായ്പാ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കിഫ്ബിക്കായി വായ്പയെടുത്തിരിക്കുകയാണ് തോമസ് ഐസക്കെന്ന് സുരേന്ദ്രന് പറഞ്ഞു. കുറഞ്ഞ പലിശക്ക് രാജ്യത്ത് വായ്പ ലഭിക്കുമ്പോള്‍ എന്തിനാണ് ഐസക് വിദേശത്ത് നിന്ന് വായ്പയെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ജനങ്ങള്‍ക്ക് മേലുള്ളത്.
കേന്ദ്ര സര്‍ക്കാറിനെ തെരുവില്‍ നേരിടുമെന്നാണ് തോമസ് ഐസക് പറയുന്നത്. അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ജനങ്ങളെ കബളിക്കുന്ന ഈ പ്രചാരവേല അവസാനിപ്പിക്കണം.
വെല്ലുവിളികളും ഭീഷണികളും ബംഗാളില്‍ നടത്തിയിട്ട് പോലും വിജയിച്ചിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ തോമസ് ഐസക് പറയുന്നതൊക്കെയും പാഴ്വാക്കുകളാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.