നടപ്പാത കൈയ്യേറി വഴിവാണിഭം ചന്ദ്രഗിരി കെ എസ് ടി പി റോഡിലെ നടപ്പാതയിലും ഫ്രൂട്ട് സ്റ്റാൾ, കണ്ടില്ലെന്ന് നടിച്ച് അധികൃതർ.
കാസര്‍കോട് : നഗരത്തിലെ നടപ്പാതകൾ കയ്യേറി വഴിവാണിഭം ഇരട്ടിച്ചിട്ടും ഇതിനെതിരെ ചെറുവിരലനക്കാനാകാതെ അധികൃതർ ഉരുണ്ടുകളിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അവകാശപ്പെട്ട സ്ഥലത്താണ് വഴിവാ ണിഭക്കാരും ഒറ്റ നമ്പറുകരുമട ക്കമുള്ള ചൂതാട്ട സംഘവും പിടിമുറുക്കിയത്. നാളുകളായി തുടരു രുന്ന വഴിയോരക്കച്ചവടം
ഇപ്പോൾ പൊതുജനങ്ങൾക്ക് ആകെ വലിയ ദുരിതമായി മാറി.
കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിന് ശേഷം കൂണുപോലെ നിരവധി വഴിയോരക്കച്ചവടക്കാര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും പൊട്ടിമുളച്ചിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ പലരും ഇത്തരത്തില്‍ കച്ചവടമാരംഭിച്ചത് ഇക്കാലത്തായിരുന്നു. എന്നാല്‍, നഗരം വീണ്ടും പഴയതുപോലെ ഉണര്‍ന്നിട്ടും നടപ്പാതകള്‍ കൈയേറിയവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇന്നും ഒരുവിധ ചെലവുകളോ സുരക്ഷയോ അനുമതികളോ ഇല്ലാതെ ഇക്കൂട്ടര്‍ നിയമം ലംഘിച്ച് കച്ചവടംചെയ്തുവരികയാണ്.
കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്, പഴയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരം, ബാങ്ക് റോഡ് തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം വഴിയോരക്കച്ചവടക്കാര്‍ നടപ്പാത കൈയേറിയാണ് കച്ചവടം നടത്തുന്നത്. കൂടുതലായും പഴം, പച്ചക്കറികള്‍, ചെറിയതോതിലുള്ള സ്റ്റേഷനറി, ഫാൻസി ഉത്പന്നങ്ങള്‍ എന്നിവയാണ് ഇവിടെ വിറ്റഴിക്കുന്നത്.
നടപ്പാതയിലൂടെ നടന്നുവരുന്ന യാത്രക്കാരന് കച്ചവടം നടത്തുന്ന സ്ഥലത്തെത്തുമ്പോള്‍ റോഡിലിറങ്ങിപ്പോവേണ്ട സ്ഥിതിയാണിപ്പോള്‍. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ റോഡില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനും അപകടമുണ്ടാക്കുന്നതിനും കാരണമാകാറുണ്ട്. പെരുകിവരുന്ന വഴിയോരക്കച്ചവടം നിരവധിതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് ജില്ലയിലെ വ്യാപാരികളും ജനങ്ങളും പറയുന്നത്.കെ എസ് ടി പി റോഡിൽ പ്രസ്സ് ക്ലബ് ജംഗ്ഷന് സമീപം നടപ്പാത കയ്യേറി ഹൈ ടെക്ക് ഫ്രൂട്ട് സ്റ്റാൾ നടത്തുന്നത് റോഡിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ ട്രാഫിക്ക് പോലീസും അനങ്ങുന്നില്ല. സ്ഥലത്ത് കുന്നിടിഞ്ഞു വീണ മൺകൂനയും നടപ്പാതയിൽ നിന്ന് നീക്കിയിട്ടില്ല. ഈ റോഡിന്റെ പരിപാലനം കെ എസ് ടി പി ക്കാണ്. വഴിയോരങ്ങളിൽ മുളച്ചു പൊന്തുന്ന കച്ചവടത്തോട് മുനിസിപ്പാലിറ്റി അധികൃതരും പുറംതിരിഞ്ഞു നിൽക്കുകയാണ്.