നാടറിയാനും നാട്ടുകാരിലേക്ക് ഇറങ്ങി ചെല്ലാനും കാശ്മീരിലേക്ക് സൈക്കിൾ യാത്ര:തിരുവല്ലയിലെ യുവാക്കള്ക്ക് പാലക്കുന്നിൽ സ്വീകരണം
പാലക്കുന്ന്: സൈക്കിൾ യാത്രയിൽ ഭാരത ദർശന യാത്ര നടത്തുന്ന തിരുവല്ലയിലെ രണ്ട് പേരടങ്ങുന്ന സംഘത്തിന് പാലക്കുന്നിൽ സ്വീകരണം നൽകി .
എം ബി എ ബിരുദധാരിയും യോഗ പരിശീലകനുമായ 32 കാരൻ പ്രതീഷ് പിള്ളയും ആയുർവേദ ഡോക്ടരായ 29 കാരൻ എസ്. കിരണും ചേർന്നാണ് ഗ്രീൻ ട്രാവൽ എന്ന് പേരിട്ട സൈക്കിൾ യാത്ര നടത്തുന്നത് . ഇന്ത്യയെ കണ്ടെത്താനും പരിസ്ഥിതി ബോധവൽക്കരണവുമാണ് യാത്രയുടെ ഉദ്ദേശമെന്നവർ പറയുന്നു.ഇഷ്ടം തോന്നിയ ഇടങ്ങളിൽ യാത്ര നിർത്തി ജനങ്ങളുമായി ആശയ വിനിമയം നടത്തിയുള്ള യാത്രയിൽ
പരിസ്ഥിതി സംരക്ഷണം, കോവിഡ് വ്യാപനം, സൈക്കിൾ യാത്രയിലെ ചെലവ് കുറഞ്ഞ സഞ്ചാരസുഖം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും.
തെക്കേട്ടേക്കുള്ള യാത്ര പടിഞ്ഞാർ ഭാഗത്തിലൂടെയും മടക്ക യാത്ര കിഴക്കിലൂടെയും താണ്ടി 90 ദിവസത്തിനകം കന്യാകുമാരി, തിരുവനന്തപുരം വഴി തിരുവല്ലയിലെത്തും. 9000
കിലോമീറ്റർ ദൈർഘ്യ യാത്രയിൽ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പെടും. തിരുവല്ലയിൽ നിന്ന് കഴിഞ്ഞ 25നാണ് യാത്രയ്ക്ക് തുടക്കമിട്ടത്. പ്രതിദിനം ശരാശരി 100 കിലോമീറ്റർ ചവിട്ടും.പോലിസ് സ്റ്റേഷൻ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് രാത്രി വിശ്രമം. ഇതു വരെയുള്ള യാത്രയിൽ രണ്ടു തവണ ടയർ പഞ്ചറായി. സൈക്കിൾ റിപ്പർ, പ്രഥമ ശുശ്രുഷ കിറ്റുകൾ ഒപ്പം കരുതിയിട്ടുണ്ട്. തിരുവല്ല സെൻട്രൽ ട്രാവൻകൂർ സൈക്ലിങ് ക്ലബ്ബിലെ അംഗങ്ങളാണിവർ .
പാലക്കുന്നിലെത്തിയ ഈ യാത്ര സംഘത്തിന് കർമ നൃത്ത സംഗീത വിദ്യാലയത്തിൽ പ്രജീഷ് കാഞ്ഞങ്ങാട്, സുകു പള്ളം, ഹരി ശില്പി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.