കേന്ദ്രസര്‍ക്കാരിനോട് വിയോജിച്ചാല്‍ രാജ്യദ്രോഹമല്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കെതിരെയായ ഫാറൂഖ് അബ്ദുള്ളയുടെ വിമര്‍ശനം രാജ്യദ്രോഹമാണെന്നും ചൈനയെയും പാക്കിസ്ഥാനെയും സഹായിക്കുകയാണെന്നും ആരോപിച്ചായിരുന്നു പരാതിക്കാരന് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി പരാതിക്കാരന് 50,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് പിഴ.
സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായപ്രകടനത്തെ രാജ്യദ്രോഹപരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഫാറൂഖ് അബ്ദുള്ള രാജദ്രോഹ പരാമര്‍ശം നടത്തുന്നതായി 2020 ഒക്ടോബറില്‍ ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ള ചൈനയില്‍ ഒരു ഹീറോ ആയിക്കഴിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്ര പറഞ്ഞിരുന്നു.