യാത്രക്കാർ നോക്കിനിൽക്കെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ സഹപ്രവർത്തകൻ അടിച്ചുകൊന്നു;
ചെന്നൈ: നഗരത്തിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർ സഹപ്രവർത്തകന്റെ ആക്രമണത്തിൽ മരിച്ചു. വെല്ലൂർ തിരുപ്പത്തൂർ സ്വദേശി പൂങ്കാവനമാണ് സഹപ്രവർത്തകനും സ്റ്റേഷനിലെ ചുമട്ടുകാരനുമായ അലക് കുമാറിന്റെ ആക്രമണത്തിൽ മരിച്ചത്. നിരവധി യാത്രക്കാർ നോക്കി നിൽക്കെ ഇന്നലെ രാവിലെയാണ് അതിക്രൂരമായ സംഭവം. തലേ ദിവസം രാത്രിയിൽ പൂങ്കാവനവും അലക് കുമാറും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിന്റെ പ്രതികാരമായി ഇന്നലെ രാവിലെ സ്റ്റേഷൻ പരിസരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പൂങ്കാവനത്തെ വലിയ കല്ലുപയോഗിച്ച് അലക് കുമാർ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂങ്കാവനം ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. സംഭവം അറിഞ്ഞുടൻ റെയിൽവേ സംരക്ഷണ സേന അലക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ അലക് കുമാർ കല്ലുമായി വരുന്നതും ആക്രമിക്കുന്നതും കാണാനാകും.