ദിവാകരൻ വിഷ്ണുമംഗലത്തിന് തിരുനല്ലൂർ പുരസ്ക്കാരം
കാസർകോട്: തിരുനല്ലൂർ വിചാരവേദിയുടെ അഞ്ചാമത് നവാഗതർക്കുള്ള കവിതാ പുരസ്ക്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. “ഉറവിടം”എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. അയ്യായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. കവി എഴാച്ചേരി രാമചന്ദ്രൻ , ഡോ. മാവേലിക്കര അച്യുതൻ, ഡോ.തേവന്നൂർ മണി രാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര കൃതി തെരഞ്ഞെടുത്തത്. കവിതയുടെ ഉൾക്കരുത്തും കനവും കൊണ്ട് മുൻനിര കവി തന്നെയാണ് ശ്രീ ദിവാകരൻ വിഷ്ണുമംഗലം എന്നും താളബദ്ധതയും ഈണസമൃദ്ധിയുമാണ് ദിവാകരൻ്റെ കവിതകളുടെ സവിശേഷതകളെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.ഈ മാർച്ച് 13 പത്തനാപുരം ഗാന്ധിഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് മുൻമന്ത്രി ശ്രീ.കെ ബി ഗണേഷ്കുമാർ പുരസ്കാരം സമ്മാനിക്കും. നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ ,ധമനികൾ, രാവോർമ്മ ,മുത്തശ്ശി കാത്തിരിക്കുന്നു,കൊയക്കട്ട, ഉറവിടം തുടങ്ങി 8 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ് ,മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ് ,മഹാകവി.പി. ഫൗണ്ടേഷന്റെ താമരത്തോണി പുരസ്കാരം, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, വി.വി.കെ.പുരസ്കാരം,മൂലൂർ അവാർഡ് തുടങ്ങി കവിതയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു. 2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു. ഭാര്യ: നിഷ മകൾ: ഹർഷ