ഭർത്താവ് സഹോദരപുത്രനെ ലാളിക്കുന്നതിൽ അസ്വസ്ഥയായ യുവതി, മൂന്ന് വയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞു കൊലപ്പെടുത്തി
ഹൈദരാബാദ് : സഹോദരന്റെ പുത്രനെ ഭർത്താവ് അമിതമായി ലാളിക്കുന്നതിൽ അസ്വസ്ഥയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി. മൂന്നുവയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് എറിഞ്ഞാണ് ഇരുപത്തി രണ്ടുകാരിയായ യുവതി കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഇരുപത്തിരണ്ട് കാരിയായ യുവതിക്ക് കുട്ടികളുണ്ടായിരുന്നില്ല. സ്വന്തമായി കുഞ്ഞ് ജനിക്കാത്തതിനാൽ ഇവർക്ക് ഭർത്താവ് സഹോദരന്റെ പുത്രനെ ലാളിക്കുന്നതിൽ അസ്വസ്ഥതയുണ്ടായിരുന്നു. ഇതു കൂടാതെ ഭർത്താവിന്റെ കുടുംബത്തിനോട് അടുക്കുന്നതും ആയിഷയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.ഹൈദരാബാദ് ചാർമിനാറിനടുത്ത് ഒരു കെട്ടിടത്തിലാണ് മുഹമ്മദ് എതെഷാമുദ്ദീൻ, സുജാവുദ്ദീൻ എന്നിവർ കുടുബസമേതം താമസിച്ചിരുന്നത്. ഇതിൽ സുജാവുദ്ദീന്റെ ഭാര്യയായിരുന്നു ആയിഷ. കഴിഞ്ഞ ദിവസമാണ് മൂന്ന് വയസുള്ള ആൺകുട്ടിയെ യുവതി കെട്ടിടത്തിൽ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയിഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.