പടന്നക്കാട് സിദ്ദീഖ് മസ്ജിദ് റോഡ് നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതി,പരാതിയുമായി പൊതുപ്രവർത്തകൻ
പടന്നക്കാട് : പടന്നക്കാട് സി.കെ നായർ കോളേജിൽ നിന്നും സിദ്ദീഖ് മസ്ജിദിലേക്ക് പോകുന്ന റോഡിന്റെ ഉയരം കൂട്ടിയ നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന ആരോപണവുമായി പൊതു പ്രവർത്തകൻ . പടന്നക്കാടിലെ പൊതു പ്രവർത്തകനും , ഐ എൻ എൽ നേതാവുമായ ഷാനിദ് പടന്നക്കാട് ആണ് കരാറുകാരനെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് . തീരദേശ റോഡ് നവീകരണത്തിന്റെ ഭാഗമായി സിദ്ദീഖ് മസ്ജിദ് റോഡ് ഉയരം വർധിപ്പിക്കുന്നതിനും , ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതും അടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് ടെണ്ടർ നൽകിയത് . ആറ് ലക്ഷത്തോളം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയത് . എന്നാൽ ഒരു ലക്ഷം രൂപയുടെ പ്രവർത്തനം പോലും അവിടെ നടന്നിട്ടില്ല എന്നാണ് ഷാനിദ് ആരോപിക്കുന്നത് . ഇത് സംബന്ധിച്ചു ഹാർബർ അതോറിറ്റിക്കും , വിജിലൻസിനും ഷാനിദ് പരാതി നൽകി കഴിഞ്ഞു .