ലീഗ് നേതാവിന്റെ കെട്ടിടം നിര്‍മ്മാണം തടഞ്ഞു:കോഴിക്കോട് സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷം,നിർമാണത്തിന് അനുമതി ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി.
കോഴിക്കോട് : കോഴിക്കോട് സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷം. യൂത്ത് ലീഗ് നേതാവിന്റെ കെട്ടിടം പണി തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. ഓര്‍ക്കാട്ടേരിയിലാണ് സംഭവം.ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ജാഫറിന്റ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. മുന്‍സിഫ് കോടതി ഉത്തരവോടെയാണ് ജാഫര്‍ കെട്ടിട നിര്‍മ്മാണം തുടങ്ങിയത്.
എന്നാല്‍ നിര്‍മ്മാണം തടയാനായി സിപിഎം പ്രവര്‍ത്തകര്‍ തുനിഞ്ഞിറങ്ങുകയായിരുന്നു. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.
അതേസമയം ജാഫറിന്റെ കെട്ടിടം പണിയാന്‍ കോടതി അനുവാദം നല്‍കിയിട്ടില്ലെന്നാണ് ഏറാമല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. കെട്ടിടത്തിന്റെ ഒരു നില പണിയാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജാഫര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടാമത്തെ നില പണിയാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത്.