മന്ത്രിമാരിൽ ആദ്യ വാക്സീന് സ്വീകരിച്ച് കടന്നപ്പള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ രണ്ടാം ദിനത്തില്‍ വാക്സീന് സ്വീകരിച്ച് മന്ത്രിമാര്‍. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കണ്ണൂരില്‍ വാക്സീന് സ്വീകരിച്ചു. മന്ത്രിമാരില്‍ വാക്സീന് സ്വീകരിക്കുന്ന ആദ്യത്തെ ആളാണ് കടന്നപ്പള്ളി. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇന്ന് വാക്സീന് സ്വീകരിക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വാക്സീന് എടുത്തേക്കും. മുഖ്യമന്ത്രിയുടെ വാക്സീന് സ്വീകരണത്തിന് സജ്ജമാകാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 877 പേര്‍ക്ക് ഇന്നലെ വാക്സീന് നല്കി. വാക്സിനേഷന് സാധാരണ നിലയിലാകാന്‍ 4 ദിവസം വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓണ്‍ലൈനായും ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിലും റജിസ്റ്റര്‍ ചെയ്യാം. ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. ഇപ്പോള്‍ വിതരണത്തിനുള്ളതു 4 ലക്ഷം കോവിഷീല്‍ഡ് വാക്സീനാണ്. 21 ലക്ഷം വാക്സീന് ഉടന്‍ എത്തുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്.