അഹമ്മദാബാദ് : ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 318 സീറ്റില്‍ 308 എണ്ണവും ബിജെപി ജയിച്ചു. 81 മുനിസിപ്പാലിറ്റികളില്‍ 54 ലും ബിജെപി ലീഡ് ചെയ്യുകയാണ്.
31 ജില്ലാ പഞ്ചായത്തുകളില്‍ 12 ലും 231 താലൂക്ക് പഞ്ചായത്തുകളില്‍ 51 ലും ബിജെപി മുന്നേറുകയാണ്. മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസും ഒരെണ്ണത്തില്‍ എഎപിയും ലീഡ് ചെയ്യുന്നുണ്ട്.
ആകെ 8474 സീറ്റുകളില്‍ 8235 സീറ്റുകളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്നവയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി 28നു നടന്ന തെരഞ്ഞെടുപ്പില്‍ 60.26 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു. 576 സീറ്റില്‍ 483 എണ്ണമാണ് ബിജെപി കരസ്ഥമാക്കിയത്. സൂറത്തില്‍ എഎപി 27 സീറ്റ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.