കാഞ്ഞങ്ങാട് ആരു വന്നാലും വിജയിക്കും; അടിയുറച്ച് എൽഡിഎഫ്
കാഞ്ഞങ്ങാട്: എല്‍ഡിഎഫിന്റെ അടിയുറച്ച മണ്ഡലമായ കാഞ്ഞങ്ങാട്ട് ഇത്തവണ സിറ്റിങ് എംഎല്‍എ കൂടിയായ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് മല്‍സരിക്കുമോ എന്നതാണ്
ഏറ്റവും പ്രധാനമായ ചോദ്യം. ആരായാലും വിജയിച്ചുകയറാം എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. 1977 മുതല്‍ കയ്യിലുള്ള മണ്ഡലം ഒരുതവണ മാത്രമാണ് സിപിഐയെ കൈവിട്ടത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 26,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം. ലോക്സഭയിലേക്ക് എത്തിയപ്പോള്‍ അത് രണ്ടായിരത്തി ഇരുന്നൂറായി
കുറഞ്ഞു, എന്നാല്‍ തദ്ദേശത്തില്‍ വീണ്ടും ഭൂരിപക്ഷം ഇരുപത്തിനാലായിരത്തിന് മുകളില്‍. കാഞ്ഞങ്ങാട് മണ്ഡലം ഇടതിന്റെ സ്വാധീനമേഖലയാണ്. 2011ലാണ്
ഹൊസ്ദുര്‍ഗ് എന്ന് അറിയപ്പെട്ടിരുന്ന മണ്ഡലം കാഞ്ഞങ്ങാടായി മാറിയത്. പേരുമാറി കാഞ്ഞങ്ങാട് ആയെങ്കിലും രാഷ്ട്രീയ ചായ്വ് ഇടത്തോട്ടുതന്നെ. ഒരു തവണ പരാജയമുണ്ടായതൊഴിച്ചാല് ഈ മണ്ഡലം സിപിഐയെ കൈവിട്ടിട്ടില്ല. 87ലെ ജയമൊഴിച്ചാല്‍ കോണ്‍ഗ്രസ് മുന്നണികള്‍ക്ക് കിട്ടാക്കനിയായി തുടരുന്നു
കാഞ്ഞങ്ങാട്. സിറ്റിങ് എം.എല്‍.എ. ഇ.ചന്ദ്രശേഖരന് രണ്ടു ടേം പൂര്‍ത്തിയാക്കിയതിനാല്‍ വീണ്ടും മല്‍സരിക്കാനുള്ള സാധ്യത കുറവാണ്. ഇത്തവ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍, ബങ്കളം പി.കുഞ്ഞിക്കൃഷ്ണന് എന്നിവരില്‍ ആരെങ്കിലും മല്‍സരിച്ചേക്കാം. രാജു കട്ടക്കയം, പി.വി.സുരേഷ്,
എ.ഗോവിന്ദന് നായര്‍, വിഘ്നേശ്വരഭട്ട് എന്നീ പേരുകളാണ് കോണ്‍ഗ്രസ് ഭാഗത്ത് നിന്നും ഉയരുന്നത്. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മനാഭന് ഐങ്ങോത്തും പരിഗണിക്കപ്പെടുന്നവരിലുണ്ട്. ബി.ജെ.പിയില്‍ ഒന്നോ രണ്ടോ പേരിലേക്ക് എത്താന്‍ ഇതുവരെയും ആയിട്ടില്ല.