വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.യുവാക്കളെത്തിയത് അസം സ്വദേശികളായ യുവതികൾക്കൊപ്പം
തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് പി. കുമാറിന്റെ (29) മൃതദേഹമാണ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. ബാലരാമപുരം സ്വദേശി തേജുവിനെയാണ് (29) കാണാതായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കടലിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെടുകയായിരുന്നു. തേജുവിനായി തിരച്ചിൽ തുടരുകയാണ്.പ്രശാന്ത് തിരുവനന്തപുരത്തെ സ്വകാര്യ വിനോദ ചാനലിലെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികൾക്കൊപ്പം യുവാക്കൾ ആഴിമലയിൽ എത്തിയത്. കോവളത്ത് നിന്ന് കാറിലാണ് നാലുപേരും രാത്രിയോടെ ആഴിമലയിൽ എത്തിയത്. രാത്രി മുഴുവൻ ബീച്ചിൽ ചുറ്റിക്കറങ്ങിയ ശേഷം പുലർച്ചെയാണ് കുളിക്കാനിറങ്ങിയത്. നീന്തലറിയാത്ത യുവാക്കൾ കടലിൽ ഇറങ്ങിയപ്പോൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഈ സമയം പെൺകുട്ടികൾ പാറപ്പുറത്ത് വിശ്രമിക്കുകയായിരുന്നു. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെൺകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് വിഴിഞ്ഞം പൊലീസിനെയും കോസ്റ്റ് ഗാർഡിനെയും വിവരം അറിയിച്ചത്. ഉടൻ തന്നെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്ന് തിരച്ചിൽ തുടങ്ങി.രാവിലെ ഒമ്പതരയോടെടെ പ്രശാന്തിന്റെ മൃതദേഹം കോസ്റ്റ് ഗാർഡ് കണ്ടെത്തി. കോവളത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഈ യുവതികൾ ജോലി ചെയ്യുന്നത്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ടാണ് ഇവർ സുഹൃത്തുക്കളായത്. പെൺകുട്ടികളുടെ മൊഴി വിഴിഞ്ഞം സി ഐ രേഖപ്പെടുത്തി വരികയാണ്.