കൂട്ടത്തോടെ പുറത്തിറങ്ങി സംഘം ചേരരുത്, തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാന വ്യാപകമായി മാര്‍ച്ച് 31 വരെ നീട്ടി
ചെന്നൈ : തമിഴ്നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടാന്‍ തീരുമാനിച്ചു. സംസ്ഥാനവ്യാപകമായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സംഘം ചേരുന്നതും വിലക്കിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചിരിക്കയാണ്. എന്നാല്‍ ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം കര്‍ശനമാക്കും, ഇതിനായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 479 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസമായി അഞ്ഞൂറിനടുത്ത് ആളുകളില്‍ കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്കും നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്. അറുപത്തഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.