കമ്പിതപാല്‍ തൊഴിലാളികളുടെ സമുന്നത നേതാവ് എം.കൃഷ്ണന് അന്തരിച്ചു.
തിരുവനന്തപുരം :കേന്ദ്ര ഗവ. ജീവനക്കാരുടെ കോണ്‍ഫഡറേഷനും എന്‍ എഫ് പി ഇ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നേതാവ് എം.കൃഷ്ണന് അന്തരിച്ചു.കോവിഡ് ചികിത്സക്കിടയില്‍ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു.1974 ല്‍ കാസര്‍കോട് ഡിവിഷനില്‍ പോസ്റ്റല്‍ അസിസ്റ്റന് റായി സര്‍വീസില്‍ പ്രവേശിച്ച സ.എം. കൃഷ്ണന്, 76 മുതല്‍ അന്നത്തെ കണ്ണൂര്‍ ഡിവിഷന്റെ ഭാഗമായ കാസര്‍കോട് ബ്രാഞ്ചിന്റെ സെക്രട്ടറിയായി. 1980 ല്‍ കാസര്‍കോഡ് ഡിവിഷന് രൂപീകരിച്ചത് മുതല്‍ പി 3 യൂണിയന്റെ ഡിവിഷന് സെക്രട്ടറിയായി. തുടര്‍ന്ന് 1992 വരെ ഡിവിഷന് സെക്രട്ടറി, പ്രസിഡണ്ട് , എന്‍ എഫ് പിടി ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍, വര്‍ക്കേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ കാസര്‍കോട് ജില്ലയില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ചു. 1992 ല്‍ പി3 സര്‍ക്കിള്‍ സെക്രട്ടറി ആയി തിരഞ്ഞെടുത്തതോടെ പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റി. 1996 ല്‍ എന്‍ എഫ് പി ടി ഇ സംസ്ഥാന ഏകോപന സമിതിയുടെ കണ്‍വീനറായും തുടര്‍ന്ന് കോണ്‍ഫഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കേരളത്തില്‍ പി എം ജി ഓഫീസിന് മുന്‍പിലും ഏജീസ് ഓഫീസിലെ കരാര്‍ വല്‍ക്കരണത്തിനെതിരായും നടന്ന ഉജ്വലമായ സമരങ്ങളുടെ കാലമായിരുന്നു അത്. പി3 യൂണിയന്റെ ഹിമാചല്‍ പ്രദേശിലെ സമ്മേളനത്തില്‍ വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ അഖിലേന്ത്യാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെ അഖിലേന്ത്യാ തലത്തില്‍ എന്‍ എഫ് പി ഇ ക്കും കോണ്‍ഫഡറേഷനും പുതിയ ദിശാബോധം നല്കുവാന് എം കൃഷ്ണന് സാധിച്ചു. തുടര്‍ന്ന് പി 3 യൂണിയന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, എന്‍ എഫ് പി ഇ യുടെ സെക്രട്ടറി ജനറല്‍, കോണ്‍ഫഡറേഷന്റെ സെക്രട്ടറി ജനറല്‍ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജി.ഡി.എസ് ജീവനക്കാര്‍ക്ക് വേണ്ടി മാത്രമായി നടത്തിയ 16 ദിവസം നീണ്ട് നിന്ന സമരമടക്കം അഖിലേന്ത്യാ തലത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. 2014 ആഗസ്റ്റില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കോണ്‍ഫഡറേഷന്റെ പ്രവര്‍ത്തനത്തോടൊപ്പം സിപിഐ (എം) കാസര്‍കോഡ് ജില്ലാ കമിറ്റി അംഗം എന്ന നിലയില്‍ പൊതു പ്രസ്ഥാനത്തിന്റെ ഭാഗമായി. പിന്നീട് പ്രവര്‍ത്തനം തിരുവനന്തപുരത്തേക്ക് മാറ്റി. സി.പി.ഐ (എം) ചാല ഏരിയ കമ്മിറ്റി അംഗമെന്ന നിലയില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തീരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. കേന്ദ്ര ജീവനക്കാരുടെ പ്രശ്നങ്ങളിലുള്ള അഗാധമായ അറിവും, അനീതിക്കെതിരായി വിട്ട് വീഴ്ച ചെയ്യാ ത്ത പോരാളിയുമായിരുന്നു എം. കൃഷ്ണന്. 2020 ലെ നാഗ്പൂര്‍ സമ്മേളനത്തില്‍ കോണ്‍ഫഡറേഷന്‍ സെക്രട്ടറി ജനറല്‍ സ്ഥാനം ഒഴിഞ്ഞുവെങ്കിലും അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ കേന്ദ്ര ജീവനക്കാരുടെ പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായി തുടര്‍ന്നു.കാസര്കോട്കൊടക്കാട് വെള്ളച്ചാല്‍ മെട്ടമ്മല്‍ സ്വദേശിയാണ്. പരേതരായ കണ്ടക്കോരന്‍ -മാണിക്യം ദമ്പതികളുടെ മകനാണ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് വിരമിച്ച സരോജിനിയാണ് ഭാര്യ. അയര്‍ല ണ്ടിലുള്ള അഞ്ജുകൃഷ്ണന് മകനും അഞ്ജന കൃഷ്ണന് മകളുമാണ്.
പിലിക്കോട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന് മാസ്റ്റര്‍ സഹോദരനാണ്.
സഹോദരിമാര്‍ :ജാനകി, കാര്‍ത്യായനി, യശോദ, സരോജിനി., പരേതരായ നാരായണി, തമ്പായി, മാധവി. സംസ്കാരം, അയര്‍ലന്‍ഡിലുള്ള മകന് എത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍.