40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി
ബിജെപി കേന്ദ്ര നേതൃത്വം;
20 സീറ്റുകളില്‍ മികച്ച സാധ്യതയെന്ന്
സര്‍വേ ഫലം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി ബിജെപി കേന്ദ്ര നേതൃത്വം. 20 സീറ്റുകളില്‍ മികച്ച സാധ്യതയെന്ന് സര്‍വേ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് നാല് നഗരമണ്ഡലങ്ങളില്‍ മുന്‍തൂക്കമെന്നാണ് സര്‍വേ വിലയിരുത്തല്‍. അതേസമയം ഇ. ശ്രീധരന് തൃപ്പൂണിത്തുറയിലും കെ.സുരേന്ദ്രന് കോന്നിയിലും, സുരേഷ്ഗോപി തിരുവനന്തപുരത്തും മത്സരിക്കുമെന്ന് വിവരമുണ്ട്.
ബംഗളൂരു ആസ്ഥാനമായ സംഘമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനായി സര്‍വേ നടത്തിയത്. 40 മണ്ഡലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കിയ സംഘം 20 സീറ്റുകളില്‍ പാര്‍ട്ടിക്ക് മികച്ച സാധ്യതയെന്ന് വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് നാല് നഗരമണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ വിലയിരുത്തല്‍. ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ചെങ്ങന്നൂര്‍, തൃപ്പൂണിത്തുറ, തൃശ്ശൂര്‍, മണലൂര്‍ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലും പാര്‍ട്ടി മുന്പത്തേക്കാള് ശക്തമായ നിലയിലെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ എവിടെയെങ്കിലും മത്സരിച്ചാല്‍ ശബരിമല സമരത്തിന്റെ ആനൂകൂല്യം കിട്ടാന്‍ സാധ്യതയുണ്ട്. സുരേഷ്ഗോപി, ജേക്കബ് തോമസ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നിഷ്പക്ഷ വേട്ടുകള്‍ കൂടി ലഭിക്കാന്‍ ഇടയാക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സര്‍വേ കൂടി കണക്കിലെടുത്താകും സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുക.
അതേസമയം വീട്ടില്‍ നിന്നും അധികം ദൂരെയല്ലാത്ത മണ്ഡലം വേണമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചതായി ഇ.ശ്രീധരനും സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഇ.ശ്രീധരന് യോഗ്യനെന്ന് കെ.സുരേന്ദ്രനും വ്യക്തമാക്കി. പാലക്കാട്, തൃശൂര്‍, തൃപ്പൂണിത്തുറ സീറ്റുകളില്‍ ഒന്നില്‍ ഇ.ശ്രീധരന് മത്സരിക്കുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍.