വയറിങ് മേഖലയിൽ വരവറിയിച്ച് മടിക്കൈയിലെ വനിതകൾ
നീലേശ്വരം: വയറിങ് തൊഴിലിൽ വരവറിയിച്ച് മടിക്കൈയിലെ വനിതകൾ. പുരുഷന്മാർ മാത്രം കൈയ്യടക്കി വച്ചിരുന്ന വയറിങ്, പ്ലംബിങ് മേഖലയിലേക്ക് മടിക്കെെയിലെ ഏഴ് വനിതകൾ ചുവടു വെക്കുകയാണ്. ചുമർ തുരന്നും പൈപ്പ് മുറിച്ചും സ്വിച്ച് ഫിറ്റു ചെയ്തും ഇവർ ഇപ്പോൾ തിരക്കിലാണ്.
നവകേരള മിഷന്റെ ഭാഗമായി കുടുംബശ്രീ സഹകരണത്തോടെ അതിജീവനം പദ്ധതിയിലൂടെയാണ് വനിതകൾ വയറിങ് രംഗത്തെത്തിയത്. കുടുംബശ്രീ അംഗങ്ങളും അവരുടെ മക്കളുമാണ് ഈ പദ്ധതിയിലൂടെ സ്വയംതൊഴിലെന്ന നിലയിൽ ഒരു മാസത്തെ പരിശീലനത്തോടെ വയറിങ് രംഗത്തെത്തിയത്. കെ വിദ്യ, ടി വി ബേബി, എം രജനി, സി കെ ഗീത, എം സൗമ്യ, എം യശോദ, വിദ്യാർഥിനിയായ എം പി അശ്വതി എന്നിവരാണ് ഇലക്ട്രീഷ്യൻമാരായി എത്തുന്നത്. ഇടയിലക്കാട് ജോബ് കഫേയുടെ പരിശീലകനായ എൻ പത്മനാഭനാണ് ഇവരുടെ ഗുരുനാഥൻ.
വയറിങ് കൂടാതെ പ്ലംബിങ്, ഇലക്ട്രോണിക് റിപ്പയറിങ് എന്നിവയിലും ഇവർ പരിശീലനം നേടിയിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമായി അടുക്കത്ത് പറമ്പിലെ കെ ദാക്ഷായണിയുടെ വീടിന്റെ വയറിങ് ജോലി ചെയ്തു വരികയാണിവർ. പരിശീലനം പൂർത്തിയായ ഉടൻ ഒരു ടീമായി ഈ രംഗത്ത് തുടരാനാണ് ഇവരുടെ തീരുമാനം.