കവരത്തി: ലക്ഷദ്വീപില്‍ ബീഫ് നിരോധന വിവാദം ചൂടുപിടിക്കുന്നു. പശു, കിടാരി, കാള, പോത്ത് തുടങ്ങിയവയെ വധിക്കുന്നതും ഏതെങ്കിലും തരത്തില്‍ സൂക്ഷിക്കുന്നതും വില്‍ക്കുന്നതും പൂര്‍ണമായും നിരോധിക്കാന്‍ ലക്ഷ്യമിട്ട് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടുവെച്ച കരടുനിയമം മുസ്ലിം ഭൂരിപക്ഷ മേഖലയായ ദ്വീപില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. ബി ജെ പി മുന്‍ നേതാവ് പ്രഫുല്‍ കെ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് നിയമനിര്‍മാണത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ (2021) കരട് നിയമം മാര്‍ച്ച് 28വരെ പൊതുചര്‍ച്ചയ്ക്കായി വെച്ചിരിക്കുകയാണ്.
– ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് നിയമം. ‘ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021’ എന്ന പേരിലാണ് നിയമം തയാറാക്കിയത്. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് ഇതുപ്രകാരം കുറ്റകരമാണ്. പശു മാംസം കൈവശം വെച്ചാലും നടപടിയെടുക്കും. ബീഫും ബീഫ് ഉല്പന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തില്‍ വകുപ്പുണ്ട്. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്റെ കരട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28നകം ഇ മെയില്‍ വഴിയോ തപാലിലോ ആക്ഷേപങ്ങള്‍ അറിയിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എ ടി ദാമോദര്‍ അറിയിച്ചു.
–
മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ലക്ഷദ്വീപില്‍ നിന്നുള്ള ലോക് സഭാംഗം പി പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടാതെയും ദ്വീപിലെ ജനപ്രതിനിധികളുമായി ചര്‍ച്ചനടത്താതെയും ഏകപക്ഷീയമായെടുത്ത തീരുമാനമാണിത്. കരടില്‍ ഒപ്പുവെച്ച മൃഗസംരക്ഷണ സെക്രട്ടറി എ ടി ദാമോദറുമായി താന്‍ സംസാരിച്ചുവെന്നും കരടില്‍ ‘കാള’ എന്ന വാക്ക് ഉള്‍പ്പെടുത്തിയത് ശ്രദ്ധിക്കാതെയാണ് ഒപ്പുവെച്ചതെന്ന് അദ്ദേഹം പറഞ്ഞെന്നും എം പി അറിയിച്ചു.