16 കാരിയുടെ ചികിത്സയ്ക്ക് പണമില്ല; 12 കാരിയായ മകളെ 46 കാരന് വിറ്റ് മാതാപിതാക്കള്‍
കോട്ടൂര്‍:16കാരിയായ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി 12 കാരിയായ മകളെ വിറ്റ് മാതാപിതാക്കള്‍. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ശ്വാസകോശ സംബന്ധിയായ തകരാറിനേ തുടര്‍ന്ന് മൂത്ത മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വന്നതോടെയാണ് ദിവസ വേതനക്കാരായ മാതാപിതാക്കള്‍ ഇളയ കുട്ടിയെ പതിനായിരം രൂപയ്ക്ക് വിറ്റത്. 46കാരനായ ചിന്ന സുബ്ബയ്യ എന്നയാള്‍ക്കാണ് ഇവര്‍ കുട്ടിയെ വിറ്റത്. ഈ പെണ്‍കുട്ടിയെ ഇയാള്‍ ബുധനാഴ്ച വിവാഹം ചെയ്തു. എന്നാല്‍ വിവരമറിഞ്ഞെത്തിയ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ കൌണ്സിലിംഗിന് വിധേയയാക്കി. കോട്ടൂര്‍ സ്വദേശിയായ ചിന്ന സുബ്ബയ്യയുടെ അയല്‍വാസികളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. മൂത്ത മകളുടെ ചികിത്സാ ആവശ്യത്തിന് പണമാവശ്യപ്പെട്ട് ചെന്ന രക്ഷിതാക്കളോട് ഇളയ മകളെ വില്‍ക്കുന്നുണ്ടോയെന്ന് ഇയാള്‍ തിരക്കുകയായിരുന്നു.
ഇരുപത്തയ്യായിരം രൂപ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പതിനായിരം രൂപയ്ക്ക് ചിന്ന സുബ്ബയ്യ വിലപറഞ്ഞുറപ്പിക്കുകയായിരുന്നു.
ചിന്ന സുബ്ബയ്യയുടെ ഭാര്യ ഇയാളില്‍ നിന്ന് വേര്‍പിരിഞ്ഞാണ് താമസം. പെണ്‍കുട്ടിയെ വാങ്ങിയ ശേഷം ദാംപൂറിലെ ബന്ധുവീട്ടിലേക്ക് എത്തിക്കുകയായിരുന്നു ചിന്ന സുബ്ബയ്യ. കുട്ടി കരയുന്നതിന്റെ ശബ്ദം കേട്ട അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത്. ചിന്ന സുബ്ബയ്ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.