‘പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി; വീടു കയറിയുള്ളപ്രചാരണത്തിന് അഞ്ചുപേര്‍’കേരളത്തിലെ പോലീസ് നിരീക്ഷകൻ ദീപക് മിശ്ര ഐ പി എസ്
തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേരളം, തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ആകെ 18.69 കോടി വോട്ടര്‍മാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍. 3 ലക്ഷം സര്‍വീസ് വോട്ടര്‍മാര്‍. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വന്‍തോതില്‍ ഉയരും. കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 89.65% വര്‍ധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. പത്രിക സമര്‍പ്പണത്തിന് രണ്ടുപേര്‍. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.
സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തില്‍ പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയമിച്ചു.
ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.