ഇന്ധന നികുതി കുറയ്ക്കണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.
മുംബൈ: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവ് തടയുന്നതിന്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാന്‍ തീരുമാനമെടുക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബോംബെ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 185ാം സ്ഥാപക ദിനത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്നുള്ള മുരടിപ്പില്‍ നിന്ന് പുറത്തുകടക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് റവന്യു വരുമാനത്തിന്റെ വര്‍ധിച്ച ആവശ്യമുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ രാജ്യത്ത് വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനുമുള്ള സാഹചര്യം പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവ് മൂലമുണ്ടാകുന്നുവെന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
ഇന്ധന വിലവര്‍ധന കാറ്, ബൈക്ക് യാത്രക്കാരെ മാത്രമല്ല സമഗ്രമേഖലയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. നിര്‍മാണ, ഗതാഗത മേഖലകളെ ബാധിച്ചാല്‍ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകോപനം ആവശ്യമാണ്. കൊവിഡിന്റെ സമ്മര്‍ദത്തില്‍ നിന്ന് കരകയറാന്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്ച തുടക്കത്തില്‍ റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ മിനുട്സ് പുറത്ത് വന്നിരുന്നു. ഇതില്‍ ഇന്ധന വില വര്‍ധനവില്‍ അംഗങ്ങളെല്ലാം വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറ് രൂപയിലേക്ക് കുതിക്കുമ്ബോഴാണ് ഇത്.