വീടുവയ്ക്കാൻ പതിച്ചു നൽകിയ മിച്ചഭൂമി കയ്യേറി സ്വകാര്യവ്യക്തികൾ ചെങ്കൽപ്പണ നടത്തുന്നതായി പരാതി
പയ്യന്നൂർ: ∙വീടുവയ്ക്കാൻ പതിച്ചു നൽകിയ മിച്ചഭൂമി കയ്യേറി സ്വകാര്യവ്യക്തികൾ ചെങ്കൽപ്പണ നടത്തുന്നതായി പരാതി. പെരിങ്ങോം മീറയിലെ വിധവയും, കർഷക തൊഴിലാളിയുമായ തെക്കെ കോളയത്ത് ജമീലയുടെ കൈവശമുള്ള ഭൂമിയാണ് ചിലർ ചെങ്കൽപ്പണ തുടങ്ങി ഉപയോഗശൂന്യമാക്കിയത്. വില്ലേജ് അധികൃതർക്ക് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിൽ ജമീലയുടെ ഭൂമി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ കലക്ടറുടെ ബി ടു 61685/ 99 നമ്പർ ഉത്തരവ് പ്രകാരം ലഭിച്ച ഭൂമി മകളുടെ വിവാഹ ആവശ്യത്തിന് പെരിങ്ങോത്തെ ഒരു സഹകരണ ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. കോവിഡ് 19 പശ്ചാത്തലത്തിലാണ് ഉടമയറിയാതെ സ്വകാര്യവ്യക്തികളുടെ കയ്യേറ്റം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെരിങ്ങോം പൊലീസ്, ജില്ലാകലക്ടർ, റവന്യൂ വകുപ്പ് എന്നിവർക്ക് പരാതി നൽകി.
പെരിങ്ങോം, പെരിന്തട്ട വില്ലേജുകളിൽ കർഷക തൊഴിലാളികൾക്ക് പതിച്ചു നൽകിയ ഭൂമികൾ വ്യാജ രേഖ ചമച്ച് സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തുന്നതായി വ്യാപകമായിപരാതിയുയർന്നിട്ടുണ്ട്.