ഭര്‍ത്താവിന് സംശയരോഗം; ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കിച്ച് ഭര്‍ത്താവ്
മഹാരാഷ്ട്ര: സംശയത്തിന് പിന്നാലെ ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് ക്രൂരസംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.
അഗ്നി പരീക്ഷ നടത്തി പാതിവ്രത്യം തെളിയിക്കാന്‍ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. തിളച്ച എണ്ണയില്‍ അഞ്ചുരൂപ നാണയം ഇട്ട ശേഷം കൈമുക്കി അതെടുക്കാനാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്. പരിശുദ്ധ ആണെങ്കില്‍ കൈ പൊള്ളില്ലെന്നാണ് ഇയാളുടെ വിശ്വാസം.
ഈ മാസം 11ന് ഭാര്യ ആരോടും പറയാതെ വീട് വിട്ടുപോയെന്നാണ് ഭര്‍ത്താവ് പറയുന്നത്. നാലു ദിവസത്തിന് ശേഷമാണ് പിന്നെ ഇവര്‍ തിരിച്ചെത്തുന്നത്. തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയതാണെന്നും നാലു ദിവസം അവര്‍ തന്നെ ബന്ദിയാക്കിയെന്നും ഭാര്യ പറഞ്ഞു. ഈ വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും പര്‍ഥി സമുദായത്തിന്റെ വിശ്വാസപ്രകാരം തിളച്ച എണ്ണയില്‍ കൈ മുക്കി സത്യം തെളിയിക്കണമെന്നും ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വീഡിയോയില്‍ കാണാം.
ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷമാണ് ഉയര്‍ന്നത്. പിന്നാലെ അധികൃതര്‍ ഇടപെട്ട് ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിച്ചു.