മഞ്ചേശ്വരം : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള രണ്ടാംവട്ട ചർച്ച മൂന്നു മുന്നണികളിലും പൂർത്തിയായി കഴിഞ്ഞപ്പോൾ കാസർകോട് മഞ്ചേശ്വരം മണ്ഡലങ്ങളിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ യും എ കെ എം അഷ്റഫും യു ഡി എഫ് സ്ഥാനാർഥിത്വം ഉറപ്പിച്ചപ്പോൾ ഏതുവിധേനയും ഈ രണ്ടു സീറ്റുകളും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ . ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്ത് തള്ളപ്പെട്ടതു കൊണ്ടുതന്നെ എൽ ഡി എഫ് കേന്ദ്രങ്ങൾ ഏതുവിധേനയും വോട്ടുകൾ ഉയർത്താനുള്ള സ്ഥാനാർഥികളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്, കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളിലായി പ്രസ്തുത മണ്ഡലങ്ങളിൽ യു ഡി എഫിന്റെ മുഖ്യ എതിരാളി ബിജെപിയായിരുന്നു, 2016 ൽ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോൾ 89 വോട്ടിനാണ് വിജയം വഴുതിപ്പോയതങ്കിൽ കാസർകോടും കനത്ത പോരാട്ടമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. എട്ടായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങൾ ഏതുവിധേനയും പിടിച്ചെടുക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. ഇതിനായി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനേയും സിനിമാതാരമായ സുരേഷ് ഗോപിയും ഈ മണ്ഡലങ്ങളിൽ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം. തിരുവനന്തപുരം തൃശ്ശൂർ കാസർകോട് ജില്ലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് സംസ്ഥാന ഘടകത്തിന് ബി ജെ പി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ പ്രമുഖരെ നിർത്തി വിജയിപ്പിച്ചെടുക്കാൻ വ്യക്തമായ തന്ത്രങ്ങൾ തന്നെ കേന്ദ്ര കമ്മിറ്റി സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. മുപ്പതോ നാല്പതോ സീറ്റുകൾ ലഭിച്ചാൽ കേരളത്തിലെ ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്ന കെ സുരേന്ദ്രന് പ്രസ്താവന കൃത്യമായ സന്ദേശമാണ് ഇരുമുന്നണികൾക്കും നൽകിയിരിക്കുന്നത്. വിജയസാധ്യതയുള്ള ഉള്ള മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താര പ്രചാരകരേയും ഉൾപ്പെടുത്തിയുള്ള പ്രചരണ തന്ത്രമാണ് ബിജെപി ഒരുക്കുന്നത്.