42 വർഷത്തിനിടെ ഒരപകടം പോലുമുണ്ടാക്കിയില്ല, സ്വകാര്യബസ് ഡ്രൈവറെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട: അപകടങ്ങൾ നിത്യ സംഭവമാണ് നമ്മുടെ നിരത്തുകളിൽ. ഈ സാഹചര്യത്തിൽ, അപകടങ്ങൾക്ക് ഇടവരാതെ 42 വർഷമായി സ്വകാര്യ ബസ് വളയം പിടിക്കുകയെന്നത് അപൂർവ്വതയാണ്. പത്തനംതിട്ട കുമ്പഴ സ്വദേശി വിശ്വനാഥന്റെ മികവിന് മോട്ടോർ വാഹന വകുപ്പിന്റെ ആദരവും കഴിഞ്ഞ ദിവസം ലഭിച്ചു.
അറുപത്തഞ്ച് വയസായി വിശ്വനാഥന്. വളയംപിടിക്കാൻ തുടങ്ങി ഇത്രകാലമായിട്ടും വാഹനത്തിന്റെ പെയിന്റ് പോലും വിശ്വനാഥന്റെ അശ്രദ്ധ കൊണ്ട് പോയിട്ടില്ല. പത്തനംതിട്ടയിൽ സർവീസ് നടത്തുന്ന ജാസ്മിൻ ബസിൽ ക്ലീനറായിട്ടാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഡ്രൈവറായ വിശ്വനാഥൻ പല റൂട്ടുകളിലും ജാസ്മിന് വേണ്ടി വളയം പിടിച്ചു.
നിരവധി ബസുകളിൽ നിന്നും ഒറ്റ ബസ് മാത്രമുള്ള സാഹചര്യത്തിലേക്ക് ജാസ്മിൻ ചുരുങ്ങിയപ്പോഴും വിശ്വനാഥനെ അവിഭാജ്യഘടകമാക്കിയത് ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ്. മിതമായ വേഗത, അതീവ ശ്രദ്ധ, നിയമപാലനം, ദൈവഭയം എന്നിവയാണ് തന്റെ വിജയമന്ത്രങ്ങളെന്ന് വിശ്വനാഥൻ പറഞ്ഞു.