സാമ്പത്തിക പ്രതിസന്ധി: തീയേറ്ററില്‍ നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവച്ചു
കൊച്ചി:നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവച്ചു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ കളക്ഷന്‍ കുറവാണെന്നും ഈ തരത്തില്‍ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകള്‍ മാറ്റിവച്ചത്. കളക്ഷന്‍ കുറവായതിനാല്‍ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ റിലീസുകള്‍ മാറ്റിവച്ചത്.
സെക്കന്‍ഡ് ഷോ ഇല്ലാത്തത് തീയറ്റര്‍ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ സര്‍ക്കാരിനു കത്ത് നല്കി. നിയന്ത്രണങ്ങളോടെയുള്ള പ്രദര്‍ശനം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. സെക്കന്‍ഡ് ഷോ കൂടി നടത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് സിയാദ് കോക്കര്‍ വ്യക്തമാക്കി. വിനോദ നികുതി ഇളവ് മാര്‍ച്ച് 31 വരെയാണ് നല്‍കിയിരുന്നത്. ഇതടക്കമുള്ള ഇളവുകള്‍ മാര്‍ച്ച് 31നു ശേഷവും തുടരണമെന്നും സിനിമാ സംഘടനകള്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തീയറ്ററുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.
മരട്, വര്‍ത്തമാനം, ടോള്‍ ഫ്രീ, അജഗജാന്തരം, കള തുടങ്ങിയ സിനിമകളുടെ റിലീസാണ് മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ മരടും വര്‍ത്തമാനവും കഴിഞ്ഞ ആഴ്ചയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. മറ്റ് സിനിമകള്‍ നാളെ ആയിരുന്നു റിലീസ്. മാര്‍ച്ച് 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ റിലീസും അനിശ്ചിതത്വത്തിലാണ്.