കോഴിക്കോട്ട് വി എം സുധീരനെ മല്‍സരിപ്പിക്കാന്‍ നീക്കം; നേരിട്ടെത്തി പ്രതിനിധികള്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ ഹൈക്കമാന്റ് സമ്മര്‍ദ്ദം. ഹൈക്കമാന്റ് പ്രതിനിധികള്‍ സുധീരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. പ്രതാപം നഷ്ടമായിക്കൊണ്ടിരിക്കുന്ന മലബാറില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കുക എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു.
എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥ്, പിവി മോഹന്‍ എന്നിവരാണ് സുധീരനുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി യോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് തിരക്കിട്ട നീക്കങ്ങള്‍.
മലബാറില്‍ സാധ്യതയുള്ളത്
കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലാണ് സുധീരന് സാധ്യത കല്‍പ്പിക്കുന്നത്. മലബാര്‍ മേഖലയില്‍ സുധീരന്റെ സാന്നിധ്യമുണ്ടാകുന്നതോടെ കോണ്‍ഗ്രസിന് കൂടുതല്‍ മേധാവിത്വം ലഭിക്കുമെന്ന് ഹൈക്കമാന്റ് കരുതുന്നു. അതേസമയം, തിരുവതാംകൂറിലെ ഏതെങ്കിലും മണ്ഡലത്തിലും സുധീരനെ പരിഗണിക്കുന്നു എന്നാാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
സുധീരന് കോഴിക്കോട്ടെ സീറ്റ് നല്‍കുന്നതിലൂടെ മലബാറില്‍ പാര്‍ട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ശക്തരായ നേതാക്കളെ മലബാറിലെ സീറ്റുകളില്‍ മല്‍സരിപ്പിക്കും. നേരത്തെ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ചര്‍ച്ച ചെയ്തിരുന്നു.
സോണിയ ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് എഐസിസി പ്രതിനിധികള്‍ സുധീരനെ കണ്ടത്. എന്നാല്‍ സാധാരണ കൂടിക്കാഴ്ചയാണെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ സുധീരനുമായി രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് വന്നതെന്ന് പ്രതിനിധികള്‍ പറഞ്ഞു. മലബാറിലെ കോണ്‍ഗ്രസിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്തതെന്നു പ്രതിനിധികള്‍ അറിയിച്ചു.
തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും സുധീരന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. രണ്ടും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാണ്. ശക്തരായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്കും കേരള സമൂഹത്തിനും കൃത്യമായ സന്ദേശം നല്‍കണമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.
മല്‍സരിക്കാനില്ല എന്ന നിലപാടിലാണ് സുധീരന്. കൊറോണ രോഗം അദ്ദേഹത്തിന് ബാധിച്ചിരുന്നു. രോഗം മാറിയ ശേഷവും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കൊറോണ ബാധിച്ച വേളയേക്കാള്‍ കൂടുതല്‍ പ്രതിസന്ധി അതിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളാണെന്ന് സുധീരന് പറഞ്ഞു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പഴയ പോലെ സജീവമല്ല.
മല്‍സരിക്കുന്ന കാര്യം ആലോചിക്കുന്നേയില്ല. ഹൈക്കമാന്റ് പ്രതിനിധികള്‍ തന്റെ സഹപ്രവര്‍ത്തകരാണ്. ആഴ്ചകളോളമായി അവര്‍ കേരളത്തില്‍ ഗ്രൗണ്ട് തലത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും സുധീരന് വിശദീകരിച്ചു. കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായ സാഹചര്യം കേരളത്തിലുണ്ട്. ജനസ്വീകാര്യതയുള്ള സ്ഥാനര്‍ഥികളെ നിര്‍ത്തിയാല്‍ വിജയം ഉറപ്പാണെന്നും സുധീരന് പറഞ്ഞു.