നീലേശ്വരത്തുകാരുടെ താലൂക്ക് സ്വപ്നം ഇന്നും അകലെ; എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
നീലേശ്വരം: നഗരസഭ രൂപീകരണം കഴിഞ്ഞ് വര്‍ഷം പത്ത് കഴിഞ്ഞെങ്കിലും വികസനം നീലേശ്വരത്തിന് ഇന്നും അകലെയാണ് ‘ വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി ആവിഷ്കരിച്ച നഗരസഭ ബസ് സ്റ്റാന്‍ഡും നഗരസഭാ കാര്യാലയവും ഇതുവരെ യാഥാര്‍ഥ്യമാക്കാൻ സാധിച്ചിട്ടില്ല. നഗരത്തിന്റെ വികസനത്തിന് പ്രധാന ആവശ്യം സര്‍ക്കാര്‍ ഓഫീസുകളാണെങ്കിലും പല സര്‍ക്കാര്‍ ഓഫീസുകളും നീലേശ്വരത്തെ പ്രവര്‍ത്തനം നിര്‍ത്തിലാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് കുടി ഒഴിഞ്ഞു പോയി. 1984ല്‍ കാസര്‍കോട് ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് ഉറപ്പു നല്കിയ നീലേശ്വരം താലൂക്ക് ഇന്നും ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. സി എച്ച് ദാമോദരന്‍ നമ്പ്യാരെ കമ്മീഷനായി നിയമിക്കുകയും കമ്മീഷന് നിരവധി സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ താലൂക്ക് യാഥാര്‍ഥ്യമായില്ല. സ്ഥലം എം എൽ എ എം രാജഗോപാൽ സർക്കാറിൽ ആവശ്യമായ സമ്മർദ്ദം ചെലുത്താത്തതാണ് താലൂക്ക് ചുവപ്പ് നാടയിൽ കുരുങ്ങികിടക്കാൻ കാരണം. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ്, ചെറുവത്തൂർ, കയ്യൂർ ചീമേനി, മടിക്കൈ,കിനാനൂർ കരിന്തളം എന്നീ പഞ്ചായത്തുകളെയും നീലേശ്വരം മുൻസിപ്പാലിറ്റിയെയും ഉൾപ്പെടുത്തി നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നവശ്യപ്പെട്ട് നിരവധി നിവേദനകൾ സർക്കാറിന്റെ മുന്നിലുണ്ട്.
കെ എസ് ആര് ടി സി നീലേശ്വരം ആസ്ഥാനമായി സബ്ഡിപ്പോ സ്ഥാപിക്കുന്നതിന് നിരവധി പ്രാവശ്യം സ്ഥലം പരിശോധന നടത്തിയിരുന്നുവെങ്കിലും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ആരുമില്ലാത്തത് കാരണം ഇതും കടലാസിലൊതുങ്ങുകയാണ്. നീലേശ്വരത്ത് എത്തേണ്ടുന്ന വികസനങ്ങള്‍ വഴിമാറിപ്പോകുന്നതായും പരാതിയുണ്ട്. നീലേശ്വരത്തിന് വേണ്ടി ശബ്ദിക്കാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും തയ്യാറാകാത്തതാണ് ഇതിന് കാരണമെന്ന ആക്ഷേപവും ശക്തമാണ്. കാസര്‍കോട് ജില്ലയിലെ മൂന്നാമത്തെ നഗരമായിരുന്നിട്ടും കാര്യമായ വികസനമൊന്നും നീലേശ്വരത്തില്ല. മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരുടെ പ്രവര്‍ത്തന മണ്ഡലം നീലേശ്വരത്താണെങ്കിലും വികസനം മാത്രം നീലേശ്വരത്ത് എത്തുന്നില്ല. വികസനത്തിന് വേണ്ടി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. നീലേശ്വരത്ത് സിവില്‍ സ്റ്റേഷന്, കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ്, താലൂക്ക്, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഫയര്സ്റ്റേഷന്, കോടതി സമുച്ഛയം എന്നിവ സ്ഥാപിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഐ ടി പാര്‍ക്ക്, 400 കെ വി സബ്സ്റ്റേഷന്, ഡി വൈ എസ് പി ഓഫീസ് എന്നിവ ഇതുവരെ യാഥാര്‍ഥ്യമായില്ല. ഡി വൈ എസ് പി ഓഫീസിന് വേണ്ടി നഗരസഭ പ്രമേയം പാസാക്കി സർക്കാറിലേക്ക് അയച്ചിരുന്നുവെങ്കിൽ എം എൽ എ ആവശ്യമായ സമ്മർദ്ദം ചെലുത്താതിരുന്നത് കാരണം ഓഫീസ് ഇതുവരെ അനുവദിച്ചില്ല. നീലേശ്വരത്തിന്റെ വികസന കാര്യത്തിൽ സ്ഥലം എം എൽ എ ഇടപെടുന്നില്ലെന്ന ആക്ഷേപം സിപിഎം ൽ നിന്നും ഉയർന്ന് തുടങ്ങിയിട്ടുണ്ട്.