ലക്ഷ്യം സമഗ്രവികസനം;ഇടുക്കിയിൽ 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കട്ടപ്പന: ഇടുക്കി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള ഇടുക്കി പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. അഞ്ചുവർഷംകൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്ര വികസനവും സമ്പദ്സമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പാക്കേജെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുന:സ്ഥാപിക്കുക തുടങ്ങിയവയാണ് പാക്കേജിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുളള വികസനമാണ് ലക്ഷ്യമിടുന്നത്. വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങൾ ബ്രാൻഡ് ചെയ്ത് വിദേശ മാർക്കറ്റുകളിൽ എത്തിക്കും. ട്രീ ബാങ്കിംഗ് സ്കീമിന് രൂപം നൽകും. മരം വച്ചുപിടിപ്പിക്കൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടുക്കിയിലെ സഹകരണരംഗത്തുളള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ നന്നാക്കുകയും ലൈഫ് പദ്ധതി പ്രകാരം വീടുകളും ഫ്ലാറ്റുകളും നിർമ്മിച്ച് നൽകുകയും ചെയ്യും. ഹൈറേഞ്ചിൽ 250 ഏക്കറിൽ ഫുഡ് പാർക്ക് സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിലെ ശീതകാല പച്ചക്കറികൾ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിൻ കൊണ്ടുവരും. മണ്ണ്, ജല സംരക്ഷണ പദ്ധതികൾക്ക് 250 കോടി നബാഡിൽ നിന്ന് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നടന്ന പാക്കേജ് പ്രഖ്യാപന സമ്മേളനത്തിൽ മന്ത്രി ടി എം തോമസ് ഐസക്ക് അദ്ധ്യക്ഷനായി. മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എം എം മണി, സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, കളക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പങ്കെടത്തു.