മകളുടെ കാലിൽ കടിച്ച പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു.
ബംഗളൂരു: മകളുടെ കാലിൽ കടിച്ച പുലിയെ പിതാവ് കഴുത്തുഞെരിച്ചുകൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിലെ രാജഗോപാൽ നായിക്ക് എന്നയാളാണ് പുലിയെ കൊന്നത്. ഭാര്യ ചന്ദ്രമ്മയ്ക്കും മകൾ കിരണിനുമൊപ്പം ബൈക്കിൽ പോകുന്നതിനിടയിൽ പൊന്തക്കാട്ടിൽ നിന്ന് പുലി ഇവർക്കുനേരെ ചാടി വീഴുകയായിരുന്നു.കിരണിന്റെ കാലിൽ പുലി കടിച്ചതോടെ രാജഗോപാൽ അതിന്റെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു. ഇതിനിടയിൽ അദ്ദേഹത്തിനും പരിക്കേറ്റു. എന്നിട്ടും പിടിവിട്ടില്ല. ഒടുവിൽ പുലി ചാകുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ രാജഗോപാലിനെയും കുടുംബത്തെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.ചത്തുകിടക്കുന്ന പുലിക്കടുത്ത് രാജഗോപാൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് രാജഗോപാൽ പുലിയെ കൊന്നതെന്നും പറയപ്പെടുന്നു. പുലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്നും, അതിനുശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.