കേരളത്തിൽ അധികാരത്തിലെത്താൻ ബി.ജെ.പിക്ക് 35-40 സീറ്റുകൾ മതിയെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ ബി.ജെ.പിക്ക് ഗവൺമെന്റുണ്ടാക്കാൻ 35-40 സീറ്റുകൾ മതിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അത് എങ്ങനെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇവിടെ സി.പി.എമ്മും കോൺഗ്രസുമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ ഉത്തരം. പ്രസ്താവന വിശദീകരിക്കാൻ സുരേന്ദ്രൻ തയാറായില്ല. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സീറ്റുകൾ പ്രത്യേക വിഭാഗക്കാർക്കു മാത്രമായി റിസർവു ചെയ്തു വച്ചിരിക്കുകയാണ് എന്ന് സുരേന്ദ്രൻ ആരോപിച്ചു. ‘ചില മണ്ഡലങ്ങളിൽ മുപ്പതും നാൽപ്പതും വർഷമായി മറ്റാർക്കും പ്രവേശനമില്ല. യു.ഡി.എഫ് പറയുന്നത് ഞങ്ങൾ അത് മുസ്ലിംലീഗിന് കൊടുത്തിരിക്കുകയാണ് എന്നാണ്. എൽ.ഡി.എഫോ? കുന്നമംഗലത്ത് എൽ.ഡി.എഫിന്റെ സ്ഥാനാർഥിയാരാണ്? കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിന്റെ സ്ഥാനാർഥിയാരാണ്? കൊടുവള്ളിയിൽ ആരാണ്? എത്ര കാലമായി ഒരേ സമുദായത്തിൽ നിന്നുള്ളവർ മത്സരിക്കുന്നു? ഇങ്ങനെ തുടർച്ചായി ചില മണ്ഡലങ്ങളിൽ ഭൂരിപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് കയറാനേ പറ്റില്ലെന്ന സ്ഥിതിയാണ്. ഇതാണോ മതേതരത്വം? – സുരേന്ദ്രൻ ചോദിച്ചു. അത്തരം മണ്ഡലങ്ങളിൽ ‘ ഞങ്ങൾ വ്യാപകമായ പ്രചാരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.