വോട്ടര്‍മാരെ ബഹുമാനിക്കണം, രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ കപില്‍ സിബല്‍
ദില്ലി: കേരളത്തിലെയും ഉത്തരേന്ത്യയിലെയും രാഷ്ട്രീയം താരതമ്യം ചെയ്ത രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപി വിവാദമാക്കിയിരിക്കുകയാണ്. രാജ്യത്തെ തെക്കെന്നും വടക്കെന്നും വിഭജിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം എന്നാണ് വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്രയില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദമായതോടെ പ്രതികരണവുമായി കപില്‍ സിബല്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. വോട്ടര്‍മാരുടെ ചിന്താശക്തിയെ ബഹുമാനിക്കണം എന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്. ആര്‍ക്ക് വോട്ട് ചെയ്യണം, എന്തിന് വോട്ട് ചെയ്യണം എന്ന് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും കപില്‍ സിബല്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ല. രാഹുല്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണ് എന്നത് അദ്ദേഹത്തിന് വിശദീകരിക്കാനാവും. രാജ്യത്തെ വോട്ടര്‍മാരെ ബഹുമാനിക്കണം. കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്ന് ബിജെപി പറയുന്നത് കേള്‍ക്കുമ്ബോള്‍ ചിരി വരുന്നു. 2014ല്‍ അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്തെ ജനങ്ങളെ ഭന്നിപ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉള്ളതെന്നും കപില്‍ സിബല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ്മയും രംഗത്ത് വന്നിട്ടുണ്ട്. വോട്ടര്‍മാരെ താരതമ്യം ചെയ്ത് കൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തത വരുത്തണമെന്ന് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. അതേസമയം രാഹുലിന്റെ പ്രസംഗം വളച്ചൊടിച്ച് ബിജെപി വിവാദമാക്കിയിരിക്കുകയാണെന്ന് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.