ഉദുമയില്‍ പുതുമുഖങ്ങളെ ഇറക്കാന്‍ മുന്നണികള്‍; പോരാട്ടം കനക്കും സി പി എമ്മിൽ സി എച്ച് കുഞ്ഞമ്പുവിന് മുൻതൂക്കം.
ഉദുമ:കാസര്‍കോട്ടെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമായ ഉദുമയില്‍ ഇത്തവണ പുതു മുഖ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാൻ മുന്നണികളുടെ ശ്രമം.മൂന്നു പതിറ്റാണ്ടായി സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലമായ ഇവിടെ വലിയ പോരാട്ടം നടത്തിയാല്‍ കൂടെപോരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
രണ്ടുതവണ ഉദുമക്കാര്‍ നിയമസഭയിലേക്ക് അയച്ച കെ.കുഞ്ഞിരാമനാണ് സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ അതികായനായ കെ.സുധാകരനെ വരെ തോല്‍പ്പിച്ച ആത്മവിശ്വാസമാണ് ഇടതുമുന്നണിയുടെ കൈമുതല്‍. കെ.സുധാകരന് കഴിയാത്തത്, വേറെ ആര്‍ക്കും പറ്റുമെന്നാണ് സി.പി.എമ്മിന്റെ അടക്കംപറച്ചില്‍. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്ഥിയെക്കാള് കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത്, പെരിയ ഇരട്ടക്കൊലയിലാണ്.
കാരണം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കല്യോട്ട് ഉള്‍പ്പെടുന്നത് ഉദുമ മണ്ഡലത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. എങ്കിലും സി.പി.എമ്മില്‍നിന്ന് കോണ്‍ഗ്രസിന് പുല്ലൂര്‍പെരിയ പഞ്ചായത്ത് പിടിച്ചെടുക്കാനായി. രണ്ട് തവണ മല്‍സരിച്ചതിനാല്‍ സി.പി.എമ്മിന്റെ കെ.കുഞ്ഞിരാമന് ഇത്തവണ മാറി നില്ക്കും.
സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പുവാണ് പാര്‍ട്ടിയുടെ സാധ്യതാ പട്ടികയിലുള്ള പ്രമുഖൻ. മുൻ മഞ്ചേശ്വരം എം എൽ എ കൂടിയായ കുഞ്ഞമ്പു മണ്ഡലത്തിലെ ബേഡകം ബീമ്പുങ്കാൽ സ്വദേശിയാണ്. നിലവിൽ കർഷക സംഘം സംസ്ഥാന ഭാരവാഹിയും കെ ടി ഡി സി ഡയറക്ടറുമാണ്. കോണ്‍ഗ്രസിനായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന് എന്നിവരുെട പേരുകളാണ് പരിഗണനയില്‍..